ഗോത്രജീവിതങ്ങളെ അടുത്തറിഞ്ഞ് ഗോത്രായനം

post

കൊല്ലം : ഗോത്രവര്‍ഗ്ഗ സങ്കേത പഠന പരിശീലനമായ ഗോത്രായനത്തിലൂടെ ഗോത്രജനതയുടെ സാമൂഹികസാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും  നേരിട്ടറിയാന്‍ സര്‍വീസില്‍ പുതിയതായി എത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് (വി ഇ ഒ) കൊട്ടാാരക്കര കില ഐ ടി സി യിലൂടെ അവസരമൊരുങ്ങി.

അഞ്ചല്‍, പത്തനാപുരം ബ്ലോക്കുകളിലെ കുര്യോട്ടുമല, അച്ചന്‍കോവില്‍,  വില്ലുമല, കടമാന്‍കോട്, ക്ഷേത്രം വാര്‍ഡ്, കിഴക്കേ വെള്ളംതെറ്റി എന്നീ  തെരഞ്ഞെടുത്ത ഗോത്രവര്‍ഗ സങ്കേതങ്ങളാണ് വി ഇ ഒ മാര്‍ സന്ദര്‍ശിച്ചത്. സങ്കേതങ്ങളിലെ   പൊതു സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍  തുടങ്ങി സാമൂഹികസാമ്പത്തിക  സാംസ്‌ക്കാരിക സ്ഥിതിയും സംഘം നിരീക്ഷിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍തദ്ദേശസ്ഥാപന  പദ്ധതികളെക്കുറിച്ചും ഇവര്‍ പഠനം നടത്തി.  ഇത്തരം പഠന പരിശീലനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പദ്ധതി നിര്‍വഹണം  കാര്യക്ഷമമാക്കാന്‍ വി ഇ ഒമാര്‍ക്ക് സഹായകമാകും. ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍ വി ഇ ഒമാര്‍ക്ക് പദ്ധതികളെക്കുറിച്ച് ക്ലാസുകളില്‍ നല്‍കുന്ന അറിവിനൊപ്പം ഫീല്‍ഡ് തലത്തിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍  കൂടി നേരിട്ടു മനസിലാക്കാനുള്ള പരിശീലനമാണിതെന്ന് കില ഇ ടി സി പ്രിന്‍സിപ്പലും  ഡെപ്യൂട്ടി  ഡവലപ്‌മെന്റ് കമ്മീഷണറുമായ ജി കൃഷ്ണകുമാര്‍ പറഞ്ഞു.