കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോ ഓഫീസ് മന്ദിരത്തിന്റെയും ഗാരേജിന്റയും ഉദ്ഘാടനം നിര്‍വഹിച്ചു

post

ഇടുക്കി : കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുതുതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെയും ഗാരേജിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ  ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ ചിലവിട്ടാണ്  പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കെഎസ്ആര്‍ടിസിയെ സംരക്ഷിച്ച് ജനപ്രിയ മേഖലയാക്കാനാണ് ഈ സര്‍ക്കാരിന്റെ ശ്രമമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയും റോഷി അഗസ്റ്റിന്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും ഇടുക്കി മുന്‍ എംപി അഡ്വ. ജോയിസ് ജോര്‍ജിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ച 25 ലക്ഷം രൂപയും  ഉപയോഗിച്ചാണ് ഓഫീസ് മന്ദിരത്തിന്റെയും ഗാരേജിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ചെയര്‍മാനും ഡയറക്ടറുമായ ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി. വര്‍ഗീസ്, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍, കെഎസ്ആര്‍ടിസി ഇഡിഒ എം.ടി. സുകുമാരന്‍, കട്ടപ്പന എടിഒ ബി.അജിത് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ആര്‍ സജി, വി.ആര്‍ ശശി, അനില്‍ കൂവപ്ലാക്കല്‍, മനോജ് എം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സോണല്‍ ഓഫീസര്‍ വി.എം താജുദ്ദീന്‍ സാഹിബ് കൃതജ്ഞത പറഞ്ഞു.