212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

post

ജില്ലയിലെ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ആലപ്പുഴ: ആര്‍ദ്രം മിഷനിലൂടെ മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ജില്ലയിലെ ഭരണിക്കാവ്, രാമങ്കരി, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വയലാര്‍, കാര്‍ത്തികപ്പള്ളി, കടപ്പ് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ ഉപകേന്ദ്രങ്ങളും കുടുംബാരോഗ്യ ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ പ്രവര്‍ത്തനസമയം, സേവന ഘടകങ്ങള്‍ എന്നിവയില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കും. ഒ.പി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയായി ഉയരും. ചികിത്സ ലഭ്യമാക്കുവാന്‍ എല്ലാ കേന്ദ്രങ്ങളിലും മൂന്ന് ഡോക്ടര്‍മാര്‍, നാല് നഴ്‌സുമാര്‍ എന്നിവരുടെ സേവനം ലഭ്യമാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കായി 1830 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന 464 തസ്തികകളിലും പഞ്ചായത്തുകള്‍ മുഖേന 648 തസ്തികകളിലും നിയമനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത കുടുംബരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചു. 

ഭരണിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.യു പ്രതിഭ എം.എല്‍.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 2300 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 64 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തീകരിച്ച ഭരണിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തില്‍ ഒ.പി, രജിസ്‌ട്രേഷന്‍ റൂം, പരിശോധന മുറി, നിരീക്ഷണ മുറി, ലബോറട്ടറി, ഫാര്‍മസി, സ്റ്റോര്‍, നെബുലൈസേഷന്‍ റൂം, കാത്തിരിപ്പ് കേന്ദ്രം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.