മികവിന്റെ കേന്ദ്രങ്ങളാകാന്‍ ജില്ലയിലെ അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി

post

വയനാട് : ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി  നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഫെബ്രുവരി 18ന് രാവിലെ 10 ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന്  ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ നവീകരിച്ച സയന്‍സ് ലാബുകളുടെ ഉദ്ഘാടനവും ആറ് സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നിര്‍വ്വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍  ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചവയാണ് പുതിയ കെട്ടിടങ്ങള്‍. ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ്. മൂലങ്കാവ്, ഗവ. സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി, ജി. വി.എച്ച്.എസ്.എസ്. അമ്പലവയല്‍, ജിഎല്‍.പി.എസ്. എടയൂര്‍ക്കുന്ന് എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.  

പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  മുഖ്യാഥിതിയാകും, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ തല പരിപാടികളില്‍  എം.എല്‍.എ മാര്‍,  മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട  മുണ്ടേരി  ജി.വി.എച്ച്.എസ്.എസ്. ല്‍ 5 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടം പൂര്‍ത്തിയാക്കിയത്. 13 ക്ലാസ്മുറികള്‍,  ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം,  5 ലബോറട്ടറികള്‍, പാചകശാല, ഡൈനിംഗ് ഹാള്‍, യോഗഹാള്‍, കൗണ്‍സിലിംഗ് റൂം, ടോയ്‌ലറ്റ് ബ്ലോക്കുകള്‍  തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ   കെട്ടിടം.

സംസ്ഥാന സര്‍ക്കാറിന്റെ 3 കോടി രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടമാണ് മൂലങ്കാവ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നത്. 8 ക്ലാസ് മുറികള്‍, ലൈബ്രറി, യുപി. വിഭാഗം സയന്‍സ് ലാബ,് കമ്പ്യൂട്ടര്‍ ലാബ്, സ്‌കൂള്‍ കോഓപ്പറേറ്റീവ് സൊസൈറ്റി വിഭാഗം, സ്‌പോര്‍ട്ട്‌സ് റൂം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പുതിയ കെട്ടിടം. ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരു കോടി രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 8 ക്ലാസ്  മുറികളുള്ള  വി.എച്ച്.എസ്.സി. വിഭാഗം കെട്ടിടമാണ് പൂര്‍ത്തിയാക്കിയത്.

അമ്പലവയല്‍ ജി.വി.എച്ച്.എസ്.സിന് വി.എച്ച്.എസ്.സി വിഭാഗത്തിന്  1 കോടി രൂപയുടെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച 8 ക്ലാസ് മുറികളുള്ള കെട്ടിടമാണ് ഉദ്ഘാടനം  ചെയ്യുന്നത്. എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്‌കൂളിന് സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

ജി.എച്ച്.എസ്.എസ്. പനങ്കണ്ടി, ജി.എച്ച്.എസ്.എസ്. നീര്‍വാരം, ജി.എച്ച്.എസ്.എസ്. കോളേരി എന്നീ സ്‌കൂളുകളില്‍ 40 ലക്ഷം രൂപ വീതം ചെലവഴിച്ച് നവീകരിച്ച ഹയര്‍ സെക്കന്ററി സയന്‍സ് ലാബുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

കിഫ്ബി ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 6 വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നിര്‍വ്വഹിക്കുന്നു. ജി.എച്ച്.എസ്. റിപ്പണ്‍ പ്ലാന്‍ ഫണ്ട് 118 ലക്ഷം. ജി.എച്ച്.എസ്.എസ്. വൈത്തിരി  ലാബ് ആന്റ് ലൈബ്രറി ( 1 കോടി  പ്ലാന്‍ ഫണ്ട്). ജി.യു.പി.എസ്. കമ്പളക്കാട് പ്ലാന്‍ ഫണ്ട് 95 ലക്ഷം. ജി.എല്‍.പി.എസ്. പാല്‍വെളിച്ചം പ്ലാന്‍ ഫണ്ട് 65 ലക്ഷം. ജി.യു.പി.എസ്. തലപ്പുഴ  കിഫ്ബി ഫണ്ട് 1 കോടി. ജി.എല്‍.പി.എസ്. ചിത്രഗിരി പ്ലാന്‍ ഫണ്ട് 25 ലക്ഷം.

എല്ലാ വിദ്യാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് സ്‌കൂള്‍തല ഉദ്ഘാടന പരിപാടികള്‍ നടക്കും.