കേരളത്തിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രങ്ങള്‍ സമൂഹത്തിന് ഗുണമുള്ളതാക്കി; മന്ത്രി ജി സുധാകരന്‍

post

ആലപ്പുഴ : കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിശ്രമകേന്ദ്രങ്ങള്‍ എല്ലാം അത്യാധുനിക നിലവാരത്തിലേക്ക് പുതുക്കിപ്പണിതു പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റിയെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി വിശ്രമ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിഥി മന്ദിരങ്ങളുടെ വരുമാനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ടു കോടി രൂപയായിരുന്നത് ഈ കാലയളവില്‍ 16 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് യൂണിഫോം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി. മുറികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കി. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വിധത്തിലേക്ക് സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങള്‍ മാറ്റാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ 4 റസ്റ്റ് ഹൗസുകളില്‍ പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിച്ചു ഉദ്ഘാടനം നടത്തി. രണ്ടേമുക്കാല്‍ കോടി രൂപയോളം ചെലവഴിച്ചാണ്  ചെങ്ങന്നൂരിലെ ചരിത്രപ്രാധാന്യമുള്ള വിശ്രമ മന്ദിരം പുതുക്കി പണിതത്. രണ്ടു നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിന് ആകെ വിസ്തൃതി 779 ചതുരശ്ര മീറ്റര്‍ ആണ് . താഴത്തെ നില സന്ദര്‍ശകരെ സ്വീകരിക്കുന്ന ഇടം , ഒരു സ്യൂട്ട് റൂം, കെയര്‍ടേക്കര്‍ മുറി, രണ്ടു മുറികള്‍ ,ഭിന്നശേഷിക്കാര്‍ , സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആയി പ്രത്യേക ശൗചാലയങ്ങള്‍, രണ്ട് കാര്‍ പോര്‍ച്ച്യുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ , നാല് മുറികള്‍ ,പാന്‍ട്രി ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു . ആകെ 15 മുറികളുണ്ട് . നിലവിലെ കേരളത്തിലെ ഏറ്റവും സൗകര്യമുള്ള വിശ്രമ മന്ദിരമായി  ചെങ്ങന്നൂര്‍ മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു .സജി ചെറിയാന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.