ജനപ്രതിനിധികള്‍ക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ : സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി, 'ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പ്രാധാന്യം, ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന പദ്ധതികള്‍ 'എന്നിവ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാര്‍ക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ.ബി.രാജേന്ദ്രന്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ഭക്ഷ്യ ഭദ്രത നിയമത്തിന്റെ പ്രാധാന്യം, നിയമത്തിന്റെ പരിധിയില്‍ വരുന്ന പദ്ധതികള്‍, ഭക്ഷ്യ പൊതുവിതരണ രംഗത്തും, ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും തദ്ദേശസ്വയംഭരണ തലത്തില്‍ നടത്താവുന്ന ഇടപെടലുകളെ കുറിച്ചും വിശദീകരിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ ഭാരവാഹികള്‍, റേഷന്‍ വ്യാപാരി സംഘടനാ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ജില്ലാ പരാതി പരിഹാര ഓഫീസറും അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റുമായ അലക്‌സ് ജോസഫ്, ജില്ല സപ്ലൈ ഓഫീസര്‍ ബീന എം. എസ്, ജില്ലാ ഐ.സി പ്രോഗ്രാം ഓഫീസര്‍ ലേഖ. പി., സീനിയര്‍ സൂപ്രണ്ട് സുല്‍ഫിക്കര്‍.എം, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.