സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി

post

പാലക്കാട്: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന  സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പാലക്കാട്. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന സ്പര്‍ശം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ 97 ശതമാനം കാര്യങ്ങളും ചെയ്തു തീര്‍ത്തു. കര്‍ഷക ക്ഷേമ ബോര്‍ഡ് ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലുള്ള വികസനമാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക്  3020 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. റേഷന്‍കാര്‍ഡ് ലഭിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചതില്‍ അര്‍ഹതയുള്ളവരുടെ അപേക്ഷകളില്‍ നടപടിയെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പേര്‍ക്ക് മന്ത്രി വി.എസ് സുനില്‍കുമാര്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.

ഇതുവരെ പരിഗണിച്ചത് 109 പരാതികള്‍

സാന്ത്വനസ്പര്‍ശം അദാലത്തില്‍ ഉച്ചയ്ക്ക് രണ്ടു വരെ പരിഗണിച്ചത് 109 അപേക്ഷകളാണ്. ചികിത്സസഹായത്തിനുള്ള അപേക്ഷകളാണ് കൂടുതലായി ലഭിച്ചത്. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട് തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ താലൂക്കുകളിലെയും അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്,  എ ഡി എം. എന്‍. എം മെഹറലി സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കളക്ടര്‍ ധര്‍മ്മല ശ്രീ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, കലക്ട്രെറ്റ് ജീവനക്കാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിനു നേതൃത്വം നല്‍കാന്‍ മുന്‍നിരയിലുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ 50 ലധികം  പോലീസ് ഉദ്യോഗസ്ഥരും 20  ഫയര്‍ ഫോഴ്‌സ് സിവില്‍ വോളന്റീയര്‍മാരും വേദിയില്‍ സജീവമായി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തിയാണ് അപേക്ഷകരെ പ്രവേശിപ്പിച്ചത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ആളുകളെ നിയന്ത്രിക്കാന്‍ പോലീസും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും മുന്‍നിരയിലുണ്ടായിരുന്നു. അദാലത്തിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ ഫോട്ടോ പ്രദര്‍ശനവും നടന്നു.

9 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലായി 9 റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. പിരായിരി ചക്കിങ്ങല്‍ നന്ദിനി, മനിശ്ശേരി കോരമുണ്ട ഗിരിജ,  കഞ്ചിക്കോട് അര്‍ച്ചന, കോങ്ങാട് പള്ളത്തേരി സുജാത, എരിമയൂര്‍ സൂര്യന്‍കുളമ്പ് രാധിക ചന്ദ്രന്‍, കാവശ്ശേരി നൊച്ചിപറമ്പ് ലത വിജയകുമാര്‍, വെങ്ങന്നൂര്‍ ഊരംകോട് സുഭദ്ര സുന്ദരന്‍,  മുതലമട ശകുന്തള , എരുത്തേമ്പതി മുരുഗള്‍ എന്നിവര്‍ക്കാണ് റേഷന്‍കാര്‍ഡ് വിതരണം ചെയ്തത്.

ചോദിച്ചത് വീല്‍ച്ചെയര്‍, കിട്ടിയത് വീല്‍ചെയറും ചികിത്സാസഹായവും

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഇമ്മാനുവല്‍ ഒരു ഇലക്ട്രിക് വീല്‍ചെയര്‍ ചോദിച്ചാണ് സാന്ത്വനസ്പര്‍ശത്തിലേക്ക് വന്നത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇമ്മാനുവലിനെ കണ്ടപ്പോള്‍ വീല്‍ചെയര്‍ അനുവദിക്കുക മാത്രമല്ല, കുട്ടിക്ക് അടിയന്തിര ചികിത്സാ സഹായമായി 25000 രൂപയും ഫിസിയോതെറാപ്പിക്കും മരുന്നിനും പ്രത്യേക ചികിത്സാ സഹായം അനുവദിക്കുകയുംചെയ്തു.

നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് എല്ലിനെ ബാധിക്കുന്ന ഗുരുതര രോഗം ബാധിച്ച് ഇമ്മാനുവല്‍ വീല്‍ച്ചെയറിലായത്. ചിറ്റൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇമ്മാനുവല്‍. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് ഒരു ഇലക്ട്രിക് വീല്‍ചെയര്‍ എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പരാതിക്കാരനെ നേരിട്ട് കണ്ട മന്ത്രി ഉടന്‍ തന്നെ വീല്‍ചെയര്‍ ലഭ്യമാക്കാന്‍ സാമൂഹ്യനീതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഏറെ ആശ്വാസത്തോടേയാണ് ഇമ്മാനുവലും അമ്മയും തിരികെ പോയത്.

ജയന് ഇനി വീട് വെക്കാം, സാങ്കേതിക തടസമില്ലാതെ

വികലാംഗനായ ജയന് വീട് വെക്കാന്‍ ഇനി നിയമ തടസമില്ല. കൈവശമുള്ള ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കി. കെ.എല്‍.യു ലഭിച്ചാല്‍ പഞ്ചായത്തില്‍ നിന്നും വീട് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലാണ് നടപടി.

എലപ്പുള്ളി സ്വദേശിയായ ജയന് 2016ലാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വീട് വെക്കാന്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ ഇത് നിലമായതിനാല്‍ ലൈഫ് മിഷന്‍ വഴി വീട് അനുവദിച്ചെങ്കിലും വീ്ട് വെക്കാന്‍ കഴിഞ്ഞില്ല. ഭൂമിയുടെ തരം മാറ്റാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം അതിനു സാധിച്ചിരുന്നില്ല. ജയന്റെ അവസ്ഥ നേരിട്ട് മനസിലാക്കിയ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാന്‍ ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലൈഫ് മിഷന്‍ വീടുകള്‍ക്ക് 10 സെന്റില്‍ താഴെയുള്ള ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാമെന്നാണ് നിയമം. ഇതുപ്രകാരം ജയന്റെ അപേക്ഷ ഉടന്‍ പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.