പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക്, ജനറല്‍ മെഡിസിന്‍ ഐ പി ഉദ്ഘാടനം നാലിന്

post

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി, ജനറല്‍ മെഡിസിന്‍ ഐ പി വിഭാഗങ്ങള്‍ ഫെബ്രുവരി നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടികവര്‍ഗ,  പിന്നാക്ക ക്ഷേമ,  നിയമ,  സാംസ്‌കാരിക,  പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി,  ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

നിര്‍മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെന്‍ട്രല്‍ ബ്ലോക്കിലാണ് ഒ പി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ജറി, ഇ.എന്‍.ടി,  ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, സൈക്യാട്രി, ഡെന്റല്‍  കെയര്‍,  ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലുള്ള ഒ.പി യാണ് ആരംഭിക്കുക. ജനറല്‍ ഐ പി വിഭാഗം രോഗികളില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കും. മറ്റു വിഭാഗങ്ങളില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കും. മറ്റു രണ്ട് ബ്ലോക്കുകളുടെ  നിര്‍മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയായി  ക്ലിനിക്കല്‍ ഒ.പി ആരംഭിക്കുന്നതോടെ കിടത്തിചികിത്സ സാധ്യമാകും. 18 ഒ.പി കളാണ്  മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുക. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനുസരിച്ച് ഒ.പി കളുടെ എണ്ണം വര്‍ധിപ്പിക്കും. ആറ് നിലകള്‍ വീതമുള്ള മൂന്ന് കെട്ടിടങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഒരുങ്ങുന്നത്. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള 50 ഏക്കര്‍ സ്ഥലത്ത് ആറ് ലക്ഷത്തോളം സ്‌ക്വയര്‍ഫീറ്റിലാണ് മെഡിക്കല്‍ കോളേജ് നിര്‍മിക്കുന്നത്.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ വി. കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭാ അധ്യക്ഷ കെ.പ്രിയ അജയന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക്, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി റീത്ത, ജില്ലാ പട്ടികജാതി വികസന ഓഫീസ് അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, നഗരസഭാ കൗണ്‍സിലര്‍ എം ധന്യ, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം. എസ് പത്മനാഭന്‍ എന്നിവര്‍ പങ്കെടുക്കും.