വികസന രംഗത്ത് ജില്ലയില്‍ കുതിച്ചു ചാട്ടമുണ്ടാകും : മന്ത്രി എംഎം മണി

post

ഇടുക്കി : ഇടുക്കിയുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് മന്ത്രി എംഎം മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വിവിധ മേഖലകളിലും ഒപ്പം ഉടുമ്പഞ്ചോല മണ്ഡലത്തിലും ചെയ്യാന്‍ സാധിക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും  ഇനി ചെയ്യാന്‍ ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ഉടനടി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴു ചെയിന്‍ പ്രദേശത്ത് പട്ടയം കൊടുക്കേണ്ട നടപടികള്‍ ചെയ്തിട്ടുണ്ട്. ഒപ്പം കല്ലാര്‍കുട്ടി, പൊന്മുടി ഡാമിനോടാനുബന്ധിച്ചു പട്ടയം ലഭിക്കാനുള്ളവര്‍ക്ക് വേണ്ടിയുള്ള ഫയല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലയളവില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് 276 ലക്ഷം രൂപ ഇരട്ടയാര്‍ പഞ്ചായത്തില്‍ ചിലവഴിച്ചിട്ടുണ്ട്. പരിപാടിയില്‍ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി  അധ്യക്ഷത വഹിച്ചു.

.ചടങ്ങില്‍ എല്‍ഇഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിലിന് നല്‍കി നിര്‍വഹിച്ചു. ഇരട്ടയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴില്‍ 1772 ഉപഭോക്താക്കള്‍ ഫിലമെന്റ് രഹിത കേരളം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ 17 അംഗന്‍വാടി ഉപഭോക്താക്കള്‍ക്ക് പഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന മൂന്ന് എല്‍ഇഡി ബള്‍ബുകള്‍ വീതം നല്‍കി കൊണ്ടാണ് പഞ്ചായത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത് .

ചടങ്ങില്‍ സംസ്ഥാന ബജറ്റില്‍ കവിത വന്ന ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആദിത്യ രവിയെ  മന്ത്രി ആദരിച്ചു. പുതിയ കാലം പുതിയ നിര്‍മാണം പദ്ധതിയിലുള്‍പ്പെടുത്തി നാലു കോടി രൂപയില്‍ രൂപ ചിലവില്‍ കിഫ്ബിയിലൂടെ  20182019 ല്‍ നിര്‍മാണ അനുമതി ലഭിച്ചു നിര്‍മിച്ച റോഡാണിത് . 3.7 കിലോമീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ വീതിയില്‍ ബിഎം ബിസി അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നിര്‍മിച്ചത്. അവശ്യമുള്ളിടത്തു ഐറിഷ് ഓട, ക്രാഷ് ബാരിയര്‍, റോഡ് മാര്‍ക്കിങ്, മറ്റ് റോഡ് സുരക്ഷ സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

റോഡിന്റെ പദ്ധതി റിപ്പോര്‍ട്ട് പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിപി ജാഫര്‍ഖാന്‍ അവതരിപ്പിച്ചു. ഫിലമെന്റ് രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്ന ബള്‍ബ് വിതരണതിന്റെ റിപ്പോര്‍ട്ട് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയശ്രീ ദിവാകരന്‍ അവതരിപ്പിച്ചു. യോഗത്തില്‍  ജില്ലാ പഞ്ചായത്ത് അംഗം കെജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചന്‍ വെള്ളക്കട, ഗ്രാമ പഞ്ചായത്ത് അംഗം ആനന്ത് സുനില്‍ കുമാര്‍, പി ബി ഷാജി തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രധിനിധികള്‍ പങ്കെടുത്തു.