പാവപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുക സര്‍ക്കാര്‍ ലക്ഷ്യം

post

പത്തനംതിട്ട : നിരാലംബരും നിര്‍ധനരുമായ പാവപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ . സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്‍, പി.എം.എ.വൈ (ജി) ഭവന പദ്ധതി ഗുണഭോക്താക്കളുടെ അടൂര്‍ നഗരസഭ കുടുംബ സംഗമം അടൂര്‍ ഗവ. യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിന് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം നിറവേറ്റി കൊടുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. ഇത് നിറവേറ്റാന്‍ ഇച്ഛാ ശക്തിയുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ വിപ്ലവകരമായ വികസനമാണ് നടപ്പാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ നാല് മിഷനുകളിലൂടെ സമസ്ഥ മേഖലകളിലും മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആര്‍ദ്രം പദ്ധതിയുടെയും സഹായത്തോടെ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അടൂരില്‍ ആരംഭിക്കാനിരിക്കുന്ന ഓപ്പണ്‍ ജിം ഇതിന് ഉദാഹരണമാണ്. 45000 ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് പുതിയ മുഖം നല്‍കി മുന്നേറാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കൂടാതെ ഹരിത കേരള മിഷന്റെ പ്രവര്‍ത്തനത്തിന്റെയും സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും ഫലമായി ഒരു വര്‍ഷത്തിനുള്ളില്‍ കേരളം കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
130 കുടുംബങ്ങള്‍ക്കാണ് അടൂര്‍ നഗരസഭയില്‍ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത മികച്ച നേട്ടമാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു. ഇതുവഴി നൂറു കണക്കിനാളുകള്‍ക്ക് സേവനം ലഭിച്ചു.
നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ ജി. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ സെക്രട്ടറി ആര്‍.കെ ദീപേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ഡി രാധാകൃഷ്ണന്‍, ശോഭാ തോമസ്, റ്റി മധു, സൂസി ജോസഫ്, മുന്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, നഗരസഭ കൗണ്‍സിലര്‍മാര്‍, ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അനു വസന്തന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.