ഹരിത ഓഫീസുകളുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

post

ഇടുക്കി : സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വിജയിച്ച ഓഫീസുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് കൈമാറി നിര്‍വഹിച്ചു . ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ജില്ലാ ആയുര്‍വേദ ആശുപത്രിയ്ക്കാണ്. 100 ല്‍ 93 മാര്‍ക്ക് കരസ്ഥമാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ ക്രിസ്റ്റി ഏറ്റു വാങ്ങി. എ ഗ്രേഡ് ലഭിച്ച ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനു വേണ്ടി അസി.എഡിറ്റര്‍ എന്‍.ബി. ബിജുവും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഹരിതചട്ടം പാലിക്കുന്ന ഓഫീസിനു നല്‍കുന്ന സാക്ഷ്യപത്ര സമര്‍പ്പണത്തിന് ശേഷം ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എല്ലാവര്‍ക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു . ഹരിതചട്ട പാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലാണ് ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസുകളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഹരിതകേരളം മിഷന്‍ ജില്ലാ ടീം 132  സ്ഥാപനങ്ങളാണ് പരിശോധിച്ചത്. കൂടാതെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഘടക സ്ഥാപനങ്ങളായ   492 ഇടത്തും പരിശോധന നടത്തി.  ജില്ലയിലെ 624 ഓഫീസുകള്‍ക്ക് ഹരിത സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 35 തദ്ദേശഭരണ സ്ഥാപനങ്ങളിലെ  ഹരിത കര്‍മ്മസേനയ്ക്കുള്ള ചെക്കും പരിപാടിയില്‍ നല്‍കി . 

  പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി മധു, വിവിധ വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.