പരിഹരിക്കാന്‍ കഴിയുന്ന എല്ലാ പരാതികളും പരിഹരിക്കും: മന്ത്രി കെ.രാജു

post

സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്

പത്തനംതിട്ട : പരിഹരിക്കാന്‍ കഴിയുന്ന എല്ലാ പരാതികള്‍ക്കും പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ പരിഹാരം കാണുമെന്ന് വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തുകളുടെ നടത്തിപ്പും ക്രമീകരണങ്ങളുടേയും അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത മാസം 15, 16, 18 തീയതികളിലാണ് അദാലത്ത് നടത്തുക. കോഴഞ്ചേരി, അടൂര്‍, പത്തനംതിട്ട താലൂക്കുകളുടെ അദാലത്ത് 15ന് പത്തനംതിട്ടയിലും, റാന്നി, കോന്നി താലൂക്കുകളിലെ അദാലത്ത് 16ന് കോന്നിയിലും, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ അദാലത്ത് 18ന് തിരുവല്ലയിലും നടത്തും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും അദാലത്ത് സംഘടിപ്പിക്കുക.

ഫെബ്രുവരി മൂന്നു മുതല്‍ ഫെബ്രുവരി ഒന്‍പതുവരെ പരാതികള്‍ സ്വീകരിക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. അദാലത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. എല്ലാ അദാലത്ത് കേന്ദ്രങ്ങളിലും പോലീസ് സുരക്ഷയൊരുക്കണം. ഒരു മെഡിക്കല്‍ സംഘവും ഫയര്‍ ഫോഴ്‌സ് സംഘവും ഉണ്ടാകണം. സഹായങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായവും തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടത്തുന്നത്. പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകള്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കും. പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ  നിയോഗിച്ചു. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ടീമില്‍ ഉണ്ടാകുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ, ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി നല്‍കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കും.

ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എ.ഡി.എം അലക്‌സ്.പി.തോമസ്, തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.