ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണം : മന്ത്രി എംഎം മണി

post

ഇടുക്കി : രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു ഭരണഘടനയോടുള്ള ആദരവ് ഏവരും പ്രകടിപ്പിക്കണമെന്ന് മന്ത്രി എം എം മണി. ഇടുക്കി ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തില്‍ 72ാംമത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിനായി ഏവരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നും രാജ്യം കരകയറുന്ന സമയം വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

  സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.40ന് ആരംഭിച്ചു. മുഖ്യാതിഥിയായ മന്ത്രിയെ പൂക്കള്‍ നല്‍കി ജില്ലാ കളക്ടര്‍ എച്ച് ദിനേശനും ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമിയും സ്വീകരിച്ചു. ഒമ്പതിന് മന്ത്രി എംഎം മണി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം  പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു ലളിതമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. പരേഡ് കമന്റാര്‍ കെവി ഡെന്നിയുടെ നേതൃത്വത്തില്‍ മൂന്ന് പ്ലേറ്റുണുകളും ഒരു പോലീസ് ബാന്റുമാണ് പരേഡില്‍ അണിനിരന്നത് . ആര്‍എസ്‌ഐ സുനില്‍ പിഎം നയിച്ച ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സ് ടീം, ഡബ്ല്യൂഎസ്‌ഐ  പുഷ്പ നയിച്ച ലോക്കല്‍ പോലീസ് വുമണ്‍, എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ കെബി ബിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സ്സൈസ് ടീം  എന്നിവരും എസ്‌ഐ മരായ സുനില്‍ വി, മത്തായി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ബാന്റ് പരേഡിന് താളലയമൊരുക്കി. 
 ചടങ്ങില്‍ മാതൃകപരമായ സേവനങ്ങള്‍ക്ക് ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കേറ്റും മെമെന്റോയും കട്ടപ്പന വില്ലേജ് ഓഫീസര്‍ ജെയ്‌സണ്‍ ജോര്‍ജിനു മന്ത്രി കൈമാറി.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍, ഉദ്യോഗസ്ഥ പ്രധിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.