കോവിഡ് നിബന്ധനകള്‍ പാലിച്ച് ജില്ലയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു

post

പത്തനംതിട്ട : ഭാരതത്തിന്റെ 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സെറിമോണിയല്‍ പരേഡ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നടന്നത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ് കമാന്‍ഡര്‍ പന്തളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ശ്രീകുമാര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ലാ പോലീസ് മേധാവി പി.ബി രാജീവ്, 8.50ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10ന് മന്ത്രി അഡ്വ.കെ. രാജു  പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15ന് മുഖ്യാതിഥി റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്‍കി. തുടര്‍ന്ന് ദേശീയഗാനത്തോടെ പരിപാടികള്‍ അവസാനിച്ചു.

ജില്ലയിലെ റിപ്പബ്ലിക്ദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന പരേഡ് ചിട്ടപ്പെടുത്തിയത് ഡിസ്ട്രിക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് പി.പി സന്തോഷ് കുമാര്‍ ആണ്. പരേഡില്‍ നാല് പ്ലറ്റൂണുകളാണ് അണിനിരന്നത്.  റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ പി.ജെ ഫ്രാന്‍സിസ് നയിച്ച ഡിസ്ട്രിക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്ലറ്റൂണ്‍, മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍പെക്ടര്‍ ആര്‍.അജിത്കുമാര്‍ നയിച്ച ലോക്കല്‍ പോലീസ് പ്ലറ്റൂണ്‍, അടൂര്‍ പോലീസ് സ്റ്റേഷന്‍ വനിത സബ് ഇന്‍പെക്ടര്‍ കെ.എസ്. ധന്യ നയിച്ച വനിതാ പോലീസ് പ്ലറ്റൂണ്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുസൂദനന്‍ പിള്ള നയിച്ച എക്‌സൈസ് പ്ലറ്റൂണ്‍ എന്നിവയാണ് അണിനിരന്നത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിരുന്നതിനാല്‍ മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും സ്റ്റേഡിയം കവാടത്തില്‍ തെര്‍മല്‍ സ്്കാനിംഗിന് വിധേയമായി കൈകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമാണ് അകത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.