സുരക്ഷയുടെ പാതയൊരുക്കി സേഫ് സോണ്‍: പൂര്‍ത്തിയാക്കിയത് 4.25 ലക്ഷം കി.മി. പട്രോളിങ്

post

പത്തനംതിട്ട: സന്നിധാനത്തേക്ക് സുരക്ഷയുടെ പാതയൊരുക്കി സേഫ് സോണ്‍. 4,25,000 കിലോമീറ്റര്‍ പ്രദേശത്ത് പട്രോളിങ് പൂര്‍ത്തീകരിച്ച് വാഹനാപകടങ്ങള്‍ കുറച്ചു. സീസണില്‍ ഒരു വാഹനാപകട മരണം പോലും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഈ സീസണില്‍ ആകെ 215 ചെറിയ വാഹനാപകടങ്ങള്‍ മാത്രമാണ് ഉണ്ടായത്. 194 പേര്‍ക്ക് നിസ്സാരപരിക്കുപറ്റി. 

പദ്ധതിയുടെ ഭാഗമായി 18 സ്‌ക്വാഡുകള്‍ 24 മണിക്കൂറും പെട്രോളിങ് നടത്തി. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് എട്ട്, എരുമേലിയില്‍ നാല്, കുട്ടിക്കാനത്ത് ആറ് വീതമായിരുന്നു സ്‌ക്വാഡുകള്‍. മേല്‍നോട്ടത്തിനായി അഞ്ച് സൂപ്പര്‍വൈസിങ് സ്‌ക്വാഡുകളും പുറമേ ഉണ്ടായിരുന്നു. ഇതിനോടകം 9,236 ബ്രേക്ക് ഡൗണ്‍ കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചു. വാഹനത്തിന്റെ കേടുപാടുകള്‍ സ്ഥലത്തെത്തി പരിഹരിച്ച് നല്‍കാന്‍ പ്രത്യേക പരിശീലനം നേടിയ മെക്കാനിക്കുകളും അത്യാധുനിക ഉപകരണങ്ങളും ഉണ്ടായിരുന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ആറ് ഭാഷകളില്‍ അയ്യപ്പന്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കി. കൂടാതെ വാഹനങ്ങള്‍ക്ക് ഹെല്‍ത്ത് ചെക്കപ്പ് സംവിധാനവും ഒരുക്കിയിരുന്നു. 4,000 വാഹനങ്ങള്‍ പരിശോധിച്ച് മൈനര്‍ റിപ്പയറിങ് നടത്തുകയും ചെയ്തു. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ മൈക്രോഫോണിലൂടെ അനൗണ്‍സ്‌മെന്റുകള്‍ നടത്തി. റോഡിലെ തകരാറുകള്‍ അപ്പപ്പോള്‍ തന്നെ പിഡബ്ല്യുഡിയെ അറിയിച്ചു പരിഹരിച്ചു. 

ആറ് ഭാഷകളില്‍ തയ്യാറാക്കിയ അറിയിപ്പുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ മുന്‍കൂട്ടി എത്തിച്ചു നല്‍കി. ചെക് പോസ്റ്റുകളും പ്രധാന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു അറിയിപ്പുകള്‍ നല്‍കിയിരുന്നത്. ഗുജറാത്ത് തുടങ്ങി തെക്കോട്ടുള്ള സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍മാര്‍ക്ക് അറിയിപ്പുകള്‍ നേരത്തേ എത്തിച്ചുകൊടുത്തു. ശബരിമല പാതയുടെ പ്രത്യേകതകള്‍, അയ്യപ്പന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു അറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 450 കിലോമീറ്റര്‍ പരിധിയിലായിരുന്നു സേഫ് സോണ്‍ സ്‌ക്വാഡുകളുടെ പരിശോധന. മകരവിളക്കിന് 75 ഓളം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചുവെന്ന് സേഫ് സോണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി ഡി സുനില്‍ ബാബു പറഞ്ഞു.