ഇടുക്കിയെ മുന്നാക്ക ജില്ലയാക്കി മാറ്റാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം

post

ഇടുക്കി: പിന്നോക്ക ജില്ലയെന്ന പേരുദോഷത്തില്‍ നിന്ന് ഇടുക്കിയെ മോചിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 52 ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്‍മാരുടെയും സെകട്ടറിമാരുടെയും വാര്‍ഷിക പദ്ധതി നിര്‍വഹണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോരുത്തര്‍ക്കും അവനവന് അര്‍പ്പിതമായ കടമകള്‍ ചെയ്തു കൊണ്ട് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരെ കാണാന്‍ ശ്രമിക്കണം. ക്ഷീരം, ടൂറിസം  പോലെ ജില്ലയ്ക്ക് നിര്‍ണായകമായ മേഖലകളുടെ പുരോഗതിക്കും വികസനത്തിനും എല്ലാ അംഗങ്ങളും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കണം. ഇടുക്കി ജില്ലയില്‍ സിവില്‍ സര്‍വ്വീസ്, ഐ ഐ ടി, എന്‍ ഐ ടി, ഐഐഎം പോലെയുള്ള ഉന്നത രംഗങ്ങളിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ എത്തിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍. മോഹനന്‍, ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പ സാമി എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത സൗഹൃദമാക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ക്ലീന്‍ ഓഫീസ് ലോഗോ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.