ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ കരുതല്‍ സ്പര്‍ശം പദ്ധതി

post

കോന്നി മണ്ഡലത്തിലെ എട്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ നാളെ കൈമാറും

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ കരുതല്‍ സ്പര്‍ശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും ഇതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് കൈമാറുമെന്നും  അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. നാളെ(ജനുവരി 10 ഞായര്‍)  രാവിലെ 11 ന് കോന്നി ചന്തമൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് ആംബുലന്‍സുകള്‍ കൈമാറും.

എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 1.13 കോടി മുടക്കിയാണ്  ആംബുലന്‍സ് നല്കുന്നത്. കോന്നി താലൂക്ക് ആശുപത്രിക്ക് ഉള്‍പ്പടെ ബഹുഭൂരിപക്ഷം ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ആംബുലന്‍സ് ഇല്ലാത്ത സ്ഥിതിയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ കിടക്കുന്ന 108 ആംബുലന്‍സ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളവയല്ല.

കോന്നി താലൂക്ക് ആശുപത്രിക്കും, ആംബുലന്‍സ് സൗകര്യമില്ലാതിരുന്ന പ്രമാടം, വള്ളിക്കോട്, കൂടല്‍, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമായാണ്  എട്ട് ആംബുലന്‍സുകള്‍ വാങ്ങി നല്കുന്നത്.

കോന്നി താലൂക്ക് ആശുപത്രിക്ക് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സാണ് നല്‍കുന്നത്. ജീവന്‍ രക്ഷിക്കുന്നതിനുള്ള അത്യന്താധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന് 20.24 ലക്ഷമാണ് വില.

ആരോഗ്യമേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി ലൈഫ്മിഷനിലുള്‍പ്പെടുത്തി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. കൂടാതെ എം.എല്‍.എ ഫണ്ട്, നബാര്‍ഡ് ഫണ്ട്, കിഫ്ബി ധനസഹായം തുടങ്ങിയവയെല്ലാം നിയോജക മണ്ഡലത്തിലെ ആശുപത്രി വികസനത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്. മലയോര മണ്ഡലമായ കോന്നിയില്‍ ശക്തമായ ആരോഗ്യ സംവിധാനമൊരുക്കാന്‍ വൈവിധ്യങ്ങളായ പദ്ധതി കരുതല്‍ സ്പര്‍ശത്തിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു.