മണ്ണില്‍ നൂറുമേനി വിളയിച്ച് ഇടുക്കിയിലെ കാക്കി കര്‍ഷകര്‍

post

ഇടുക്കി:  കാക്കിക്കുള്ളില്‍ മണ്ണില്‍ നൂറുമേനി വിളയിക്കുന്ന  കര്‍ഷകരുമുണ്ടെന്ന് തെളിയിക്കുകയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ  വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. പടവലം, കോളി ഫ്‌ളവര്‍, ചീര, പയര്‍, വെണ്ട, വഴുതനം, പച്ചമുളക്, തക്കാളി, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തത്.

കോവിഡ് കാലത്തെ കഠിനമായ ജോലിത്തിരക്കിനിടയിലാണ് കാക്കിക്കുള്ളിലെ ഈ കര്‍ഷകര്‍ കൃഷിക്ക് ഇറങ്ങിയത്. കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ ആഹ്വാനപ്രകാരമാണ്  എസ്.ഐമാരായ  കെ.കെ സുധാകരന്‍, പി.എച്ച് ജമാലിന്റെയും നേതൃത്വത്തില്‍ കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷിക്കാരനായ പൈനാവ് സ്വദേശി രഘുവും ഇവരെ സഹായിക്കുന്നുണ്ട്. വാഴത്തോപ്പ്  കൃഷിഭവന്റെ  സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. കൃഷി അസിസ്റ്റന്റ് സി. എസ് ദയയും  മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

പോലീസുദ്യോഗസ്ഥരും  ജീവനക്കാരും ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി കൃഷിയെ പരിപാലിച്ചു പോരുന്നു. പൂര്‍ണ്ണമായും ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ക്യാമ്പിലെ അറുന്നൂറോളം വരുന്ന പോലീസുകാരുടെ മെസ്സിലേക്ക് ഇവിടുന്നാണ് പച്ചക്കറി എടുക്കുന്നത്. കൂടാതെ വീടുകളിലേക്കും ഇവര്‍ പച്ചക്കറി വാങ്ങി കൊണ്ട് പോകാറുണ്ട്. പച്ചക്കറി കൃഷിയോടൊപ്പം രണ്ടു കുളങ്ങളിലായി മത്സ്യകൃഷിയും ഇതോടൊപ്പം പരിപാലിക്കുന്നുണ്ട്.