നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനകീയസഭയ്ക്ക് തുടക്കമായി

post

പത്തനംതിട്ട : ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ പരിഹാരമുണ്ടാക്കി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. പ്രമാടം പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പില്‍ സംഘടിപ്പിച്ച എംഎല്‍എയുടെ ജനകീയസഭ പരിപാടിയിലാണ് നിരവധി ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. 203 അപേക്ഷകളാണ് ജനകീയ സഭയില്‍ എത്തിയത്.

       രക്ഷിതാക്കളില്ലാത്ത കുട്ടി വീടിനും വസ്തുവിനുമായി ജനകീയ സഭയിലെത്തി.  വീടും, വസ്തുവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. അംഗനവാടിക്ക് കെട്ടിടം ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് എംഎല്‍എ ഫണ്ടില്‍ തിന്നും തുക അനുവദിച്ചു നല്‍കി. പൊതു ശ്മശാനം എന്ന ആവശ്യവും ജനകീയ സഭയില്‍ ഉയര്‍ന്നു. പ്രമാടം ഗ്രാമ പഞ്ചായത്ത് ഈ വര്‍ഷം തന്നെ പൊതു ശ്മശാനം നിര്‍മിക്കുമെന്ന് പ്രസിഡന്റ് എന്‍. നവനീത് പറഞ്ഞു.

    വാട്ടര്‍ അതോറിറ്റി പൈപ്പിട്ട് റോഡില്‍ ഉണ്ടായ കുഴി ഒരു ദിവസം കൊണ്ട് പരിഹരിച്ചു നല്‍കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സി.എന്‍ജിനിയര്‍ സഭയെ അറിയിച്ചു. കുടിവെള്ളം ലഭിക്കുന്നില്ല എന്ന പരാതിയും ഉടന്‍ പരിഹരിക്കും. ജലജീവന്‍ മിഷന്‍ വഴി കുടിവെള്ളം വീടുകളില്‍ എത്തിച്ചു നല്‍കും.

    അമ്മയ്ക്ക് ചികിത്സാ ധനസഹായം തേടി എത്തിയ കുട്ടിക്ക് ഉടന്‍ ധനസഹായം എത്തിച്ചു നല്‍കുമെന്ന് പട്ടികജാതി വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. റോഡില്‍ തടസമായ പോസ്റ്റ് ഉടന്‍ മാറ്റി നല്‍കുമെന്ന് കെ.എസ്.ഇ.ബി. അസി.എന്‍ജിനിയര്‍ അറിയിച്ചു. വഴി സഞ്ചാരയോഗ്യമല്ല എല്ല പരാതി ഉന്നയിച്ച പുരോഹിതനെ, റോഡ് നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി എംഎല്‍എ അറിയിച്ചു.

      റീ സര്‍വെ അപാകതകള്‍ പരിഹരിക്കാനുള്ള അപേക്ഷകളിലും, പട്ടയ അപേക്ഷകളിലും ഉടന്‍ തീരുമാനമുണ്ടാക്കുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. ബാങ്കിനെ സംബന്ധിച്ച് ലഭിച്ച പരാതി ഉടന്‍ തന്നെ പരിഹരിക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരും ജനകീയ സഭയില്‍ പങ്കെടുത്തു.

     ജനകീയ സഭ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് മുഖ്യ പ്രഭാഷണം നടത്തി. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത് അധ്യക്ഷത വഹിച്ചു.  ജനകീയ സഭ കോഓര്‍ഡിനേറ്റര്‍ കോന്നിയൂര്‍ പി.കെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാഹുല്‍ വെട്ടൂര്‍, ഗ്രാമ പഞ്ചായത്തംഗം വാഴവിള അച്ചുതന്‍ നായര്‍, ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ എസ്. ബിന്ദു, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.