പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം; നടപടികള്‍ കടുപ്പിച്ച് കട്ടപ്പന നഗരസഭ

post

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതി പൊതുജനങ്ങളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെ ഫലപ്രദമായി നടന്നു വരുന്നതിനിടയില്‍  ചില ഭാഗങ്ങളില്‍ രാത്രിയുടെ മറവില്‍ ചില സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചു വരുന്നതായി കണ്ടൈത്തി. പരിശോധനകളുടെ ഭാഗമായി കെ.എസ്.ഇ.ബി ജംഗ്ഷന്‍, പേഴുംകവല, എല്‍.ഐ.സി ജംഗ്ഷന്‍, സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി 15,000 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി പൊതു സ്ഥലങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെ നഗരസഭ ആരോഗ്യവിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ച് പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ നിരോധിത പ്ലാസ്റ്റിക് വില്പനയ്ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിരുന്നു.

പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിഴയായി ഈടാക്കിയത് 1,27,170 രൂപയും, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ വില്പന നടത്തിയവരില്‍ നിന്ന് 1,28,020 പിഴയുമാണ് ഈടാക്കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി. ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജുവാന്‍ ഡി മേരി, വിനേഷ് ജേക്കബ്ബ്, അനുപ്രിയ കെ.എസ് എന്നിവരാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.