ജല ശക്തി അഭിയാന്‍' പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി

post

മഴ - എവിടെ പെയ്താലും, എപ്പോള്‍ പെയ്താലും  സംഭരിക്കും ക്യാമ്പെയ്ന്‍

ഇടുക്കി: ഗ്രാമീണ മേഖലകളിലെ മഴ സംരക്ഷണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ 'ജല ശക്തി അഭിയാന്‍' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി  ജില്ലയില്‍ തുടക്കമായി. കേന്ദ്ര യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രാലയം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെ സംയുക്ത  സഹകരണത്തോടെ  ജില്ലയിലെ  തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി  പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എഡിഎം ആന്റണി സ്‌കറിയ നിര്‍വഹിച്ചു. മഴ എവിടെ പെയ്താലും എപ്പോള്‍ പെയ്താലും  സംഭരിക്കും എന്ന മുദ്രാവാക്യവുമായാണ് നെഹൃു യുവ കേന്ദ്രയും ദേശീയ ജല മിഷനും ചേര്‍ന്ന് മഴ വെള്ള സംഭരണ ക്യാമ്പയ്ന് തുടക്കമിട്ടിരിക്കുന്നത്.

ഇന്ത്യയിലെ 623 ജില്ലകളിലെ ഒരു ജില്ലയിലെ 50 വില്ലേജില്‍ എന്ന കണക്കില്‍ 31,150 വില്ലേജുകളില്‍ നടപ്പാക്കുന്ന 2.77 കോടി രൂപയുടെ പദ്ധതിയാണ് മഴ - എവിടെ പെയ്താലും എപ്പോള്‍ പെയ്താലും  സംഭരിക്കും പദ്ധതി. എന്‍ വൈ കെ സന്നദ്ധ പ്രവര്‍ത്തകരാണ് പതാക വാഹകര്‍. പദ്ധതി പ്രഖ്യാപനം, ബോധവല്‍ക്കരണം, ചുമരെഴത്ത്, ബാന്നര്‍, ഇ - പോസ്റ്റര്‍, മത്സരങ്ങള്‍ എന്നിവ പ്രചാരണത്തിന് സംഘടിപ്പിക്കും. ജനുവരി ഒന്നു മുതല്‍ ഏഴു വരെ ജില്ലാ യുവജന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജല സംരക്ഷണ പ്രതിജ്ഞ ഏടുക്കും. എല്ലാ പ്രചാരണ പരിപാടികളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും. എല്ലാ പരിപാടികളുടേയും ചിത്രങ്ങളും വീഡിയോയും വിശദാംശങ്ങളും നെഹൃു യുവ കേന്ദ്രയുടെ വെബ്സൈറ്റ് www.nyks.nic.in ലും ഫേസ്ബുക്കിലും http://www.facebook.com/nwmgoi/livevideos ലും ലഭിക്കും.