തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

post

കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. 2015 ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് മാനദണ്ഡമാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പുനപരിശോധിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ പ്രായോഗീക ബുദ്ധിമുട്ടുകള്‍ ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍. രേണു യോഗത്തില്‍ വിശദീകരിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടര്‍ പട്ടിക ഈ മാസം 20ന് പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച ആക്ഷേപങ്ങളും പേര് ചേര്‍ക്കുന്നതിനുള്ള പുതിയ അപേക്ഷകളും ഫെബ്രുവരി 14 വരെ നല്‍കാം. ഇക്കാര്യങ്ങളിലുള്ള ഹിയറിംഗ് ഫെബ്രുവരി 25ന് പൂര്‍ത്തിയാക്കും. 28 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെ എല്ലാ നടപടികളും ഓണ്‍ലൈനായാണ് ചെയ്യേണ്ടത്. 

എ.ഡി.എം. കെ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ., വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.