ഐഎച്ച്ആർഡി തരംഗ് 2K26: വെബ്സൈറ്റ് പ്രകാശനം ചെയ്തു

post

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി സ്ഥാപനങ്ങളിലെ വിദ്യാർഥികളും ജീവനക്കാരും പങ്കാളികളാകുന്ന ഐഎച്ച്ആർഡിയുടെ ടെക്നോ-കൾച്ചറൽ ഫെസ്റ്റ് തരംഗ് 2K26 ഫെബ്രുവരി 7, 8 തീയതികളിൽ എറണാകുളം ജില്ലയിലെ കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന ഏകദേശം 87 ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ജീവനക്കാരുമാണ് ദ്വിദിന പരിപാടിയിൽ പങ്കെടുക്കുന്നത്. സാങ്കേതികവും സാംസ്കാരികവുമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന വിവിധ മത്സരങ്ങളും പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

തരംഗ് 2K26ന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ നിർവഹിച്ചു. പരിപാടിയുടെ വിവരങ്ങൾ, രജിസ്ട്രേഷൻ, മത്സര വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിലൂടെ ലഭ്യമാകും.

പരിപാടിയിൽ ഐഎച്ച്ആർഡി അക്കാഡമിക് പ്രോജക്ട് കോർഡിനേറ്റർ ലത എം, കൊട്ടാരക്കര എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ മനോജ് റേ, മുട്ടട ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആനന്ദക്കുട്ടൻ ടി. കെ., കമ്പ്യൂട്ടർ എൻജിനിയർ ശ്രീകുമാർ എൻ ജി, സിഎഎസ് പ്രിൻസിപ്പൽ സിന്ധു എന്നിവർ പങ്കെടുത്തു.