വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ആദ്യ ഘട്ട അവലോകനം നടത്തി

post

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തന പുരോഗതി തൊടുപുഴ തഹസീല്‍ദാറിന്റെ ചേമ്പറില്‍ ജില്ലയുടെ ചുമതലയുള്ള റോള്‍ നിരീക്ഷകയായ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിലയിരുത്തി.

വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതു പോലെ പ്രധാനമാണ് മരിച്ചവരേയും സ്ഥലം മാറിപ്പോയവരേയും ഒഴിവാക്കുന്നത്. എന്നാല്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചുവെന്ന് ഉറപ്പാക്കണം. ഭിന്നശേഷിക്കാരെയും കിടപ്പു രോഗികളേയും ഇതര ലിംഗ വിഭാഗത്തില്‍പ്പെട്ടവരും ജനാധിപത്യ വോട്ടവകാശ പ്രക്രിയയില്‍ ഭാഗമായെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഉറപ്പുവരുത്തണം. രാഷ്ട്രീയ കക്ഷികള്‍ ബൂത്ത് തല ഏജന്റുമാരെ നിയമിക്കണം. ബൂത്ത് ഓഫീസര്‍മാരുടേയും ബൂത്ത് ഏജന്റുമാരുടെയും യോഗം വിളിച്ച് പട്ടിക ശുദ്ധീകരണം വേഗത്തിലാക്കണം. കൊ വിഡ്- 19 മാനദണ്ഡം പാലിച്ചു വേണം യോഗം നടത്തേണ്ടതെന്നും ഒബ്സര്‍വര്‍ നിര്‍ദേശിച്ചു. കോളേജുകളും ഹയര്‍ സെക്കന്ററി സ്‌കൂളുകളും അടഞ്ഞുകിടക്കുന്നതിനാല്‍ പുതിയ വോട്ടര്‍മാരെ കണ്ടെത്തുന്നത് ശ്രമകരമാണ്. ജില്ലയ്ക്ക് വെളിയില്‍ പഠിക്കുന്നതില്‍ വീട്ടിലെത്താത്തവരെ എന്നിവരെ പ്രത്യേകം കണ്ടെത്തി ചേര്‍ക്കണം.

എന്‍എസ്എസ് , എന്‍വൈകെ, യൂത്ത് ക്ലബുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള കോ വിഡ് കാല പ്രതിസന്ധി തരണം ചെയ്യുന്നതിന് ശ്രമിക്കണമെന്നും ഒബ്സര്‍ വര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡപ്രകാരമുള്ള കെട്ടിടം ലഭ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പ്രതിനിധികള്‍ അഭിപ്രായപ്പെട്ട പോലെ പോളിന് ബൂത്ത് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വാര്‍ഡിന്റെ മധ്യത്തിലേക്ക് പോളിങ് ബൂത്ത് മാറ്റി സ്ഥാപിക്കണമെന്ന രാഷ്ട്രീയ പ്രതിനിധികളുടെ നിര്‍ദ്ദേശത്തിന് മറുപടിയായി ജില്ലാ തെരഞ്ഞെടുപ് ഓഫീസര്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. പട്ടികയില്‍ അനധികൃതര്‍ ഉള്‍പ്പെടുന്നതും, ആവര്‍ത്തനം വരുത്തുന്നതും, അയല്‍ സംസ്ഥാനത്തും കേരളത്തിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതും, രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.