ബയോഫാര്‍മസി ആരംഭിച്ചു

post

പത്തനംതിട്ട : കര്‍ഷകര്‍ക്ക് വിവിധ വിളകളുടെ സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനുള്ള പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാകുന്നതിന് സഹായകമാകുന്ന ബയോ ഫാര്‍മസിയുടെ ഉദ്ഘാടനം കോയിപ്രം കൃഷി ഭവനില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു നിര്‍വഹിച്ചു.  കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ.സി.പി റോബര്‍ട്ട് അധ്യക്ഷത വഹിച്ചു.   കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ വര്‍ഗീസ് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. കൃഷി  വിജ്ഞാന കേന്ദ്രം സബജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുമാരായ അലക്‌സ് ജോണ്‍, ഡോ. സിന്ധു സദാനന്തന്‍, കൃഷി അസി.ഡയറക്ടര്‍ അമ്പിളി സി. എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉത്തമ കൃഷിരീതികള്‍ പരിചയപ്പെടുത്തി വിളകളുടെ ആരോഗ്യം പരിപാലിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ്് കോയിപ്രം, നാരങ്ങാനം, കോന്നി, കടപ്ര, എഴുമറ്റൂര്‍ എന്നീ കൃഷി ഭവനകളില്‍ ബയോ ഫാര്‍മിസകള്‍ ആരംഭിച്ചത്.  സാധാരണയായി വിവിധ വിളകളെ ബാധിക്കുന്ന രോഗ, കീടങ്ങളെ ചെറുക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും, ജൈവ മാര്‍ഗ്ഗങ്ങളും, വിളകളുടെ പ്രധാന മൂലകങ്ങളുടെ അഭാവവും അവയ്ക്കുള്ള പ്രതിവിധികളും ബയോ ഫാര്‍മസിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.