തിരഞ്ഞെടുപ്പ് പ്രചാരണം, ശ്രദ്ധിക്കേണ്ടവ

post

ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിക്കുമ്പോള്‍ പ്രസാധകരുടെയും അച്ചടി സ്ഥാപനത്തിന്റെയും  പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, എന്നിവ ഉള്‍ക്കൊള്ളിക്കണം.  ഇതിന്റെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. പ്രചരണ ഭാഗമായി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് പോലെയുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കില്‍   ഇവയുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍  സാരി, ഷര്‍ട്ട്, മുണ്ട്, മറ്റുള്ള  വസ്ത്രങ്ങള്‍ മുതലായവ വിതരണം ചെയ്യുന്നത് കുറ്റകരമാണ്. 

പൊതുപ്രചാരണം അവസാനിച്ച ശേഷം സിനിമ, ടെലിവിഷന്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള  പ്രചാരണം പാടില്ല.

പൊതുസ്ഥലമോ, സ്വകാര്യ  സ്ഥലമോ കയ്യേറിയോ, ആരാധനാലയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശുപത്രികള്‍ എന്നിവയിലും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താല്‍ക്കാലിക ഓഫീസ് സ്ഥാപിക്കുവാന്‍ പാടുള്ളതല്ല.

 പഞ്ചായത്തിലെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്‍ കെട്ടിടത്തിന് 200 മീറ്റര്‍ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ 100 മീറ്റര്‍ പരിധിയിലും ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.

 പ്രചാരണ സമയം അവസാനിച്ചശേഷം മണ്ഡലത്തിന് പുറത്തുനിന്ന് പ്രചാരണത്തിന് എത്തിയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകണം. എന്നാല്‍ സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ മണ്ഡലത്തിനു പുറത്തുള്ള ആളായാല്‍ പോലും മണ്ഡലം വിട്ട് പോകേണ്ടതില്ല.

 തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജാഥ, പൊതുയോഗം എന്നിവ നടത്തുമ്പോള്‍, മീറ്റിംഗ് നടത്തുന്ന സ്ഥലം, ജാഥ കടന്നു പോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങണം. സംബന്ധിച്ചുള്ള കോടതി നിര്‍ദ്ദേശങ്ങളും പാലിക്കണം.

 ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട് പോലീസ് അധികാരികളില്‍ നിന്നും ആവശ്യമായ അനുമതി രേഖാമൂലം വാങ്ങണം. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയം ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.

പൊതുയോഗം, ജാഥ എന്നിവ  രാത്രി 10 മണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ നടത്താന്‍ പാടില്ല. വോട്ടെടുപ്പിന്  48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വരെയുള്ള സമയത്ത് പൊതുയോഗം ജാഥ എന്നിവ പാടില്ല.

  രാഷ്ട്രീയകക്ഷികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ലിപ്പ്  വെള്ളപേപ്പറില്‍ തയ്യാറാക്കേണ്ടതും, വോട്ടറുടെ പേര്, സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍, പോളിംഗ് സ്റ്റേഷന് പേര് എന്നീ വിവരങ്ങള്‍ മാത്രം രേഖപ്പെടുത്തിയതുുമാകണം.  ഈ സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ചിഹ്നമോ, ഫോട്ടോയോ പാടില്ല.

പോളിംഗ് ഏജന്റുമാരായി നിയോഗിക്കപ്പെടുന്നവര്‍ ആ മണ്ഡലത്തിലെ സാധാരണ താമസക്കാരും ബന്ധപ്പെട്ട വാര്‍ഡിലെ വോട്ടര്‍മാരും ആയിരിക്കണം. അവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഉണ്ടായിരിക്കണം.

 അഭിപ്രായവോട്ടെടുപ്പിന്റെയോ  എക്‌സിറ്റ് പോളിന്റെയോ ഫലം എല്ലാ ബൂത്തുകളിലേയും  വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ പ്രഖ്യാപിക്കാന്‍ പാടില്ല.

 തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും  അപകീര്‍ത്തികരമായ വിധവും എസ്എംഎസിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സന്ദേശങ്ങള്‍ അയക്കുന്നത് കുറ്റകരമാണ്