പതിനെട്ടാം പടിയില്‍ സഹായവുമായി പിപിഇ കിറ്റ് ധരിച്ച് പോലീസ് സേനാംഗങ്ങള്‍

post

പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരില്‍ ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരെ പതിനെട്ടാം പടിയില്‍ സഹായിക്കാന്‍ പിപിഇ കിറ്റ് ധരിച്ച പോലീസ് സേനാംഗങ്ങളുടെ സേവനം മാതൃകാപരം. പിപിഇ കിറ്റ് ധരിച്ച ഓരോ പോലീസ് സേനാംഗങ്ങള്‍ വീതം പതിനെട്ടാം പടി തുടങ്ങുന്നിടത്തും, മുകളിലായും സേവനത്തിനുണ്ട്. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ നടപ്പന്തല്‍ ആരംഭിക്കുന്ന ഭാഗത്തും  പിപിഇ കിറ്റ് ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സേവനത്തിനുണ്ട്.

പതിനെട്ടാംപടി കയറുമ്പോള്‍ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന തീര്‍ഥാടകരെ പിടിച്ചു കയറ്റുന്നത് ഉള്‍പ്പെടെയുള്ള സഹായമാണ് പോലീസ് സേനാംഗങ്ങള്‍ നല്‍കുന്നത്. ദിവസവും രണ്ടു ഷിഫ്ടിലാണ് പതിനെട്ടാം പടിയിലും വലിയ നടപ്പന്തലിലും പിപിഇ കിറ്റ് ധരിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നത്.

കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 60 മുതല്‍ 90 തീര്‍ഥാടകരെ പടി കയറാന്‍ പോലീസ് സഹായിച്ചിരുന്നു. ഇതിനായി ഒരു ഷിഫ്റ്റില്‍ 12 പോലീസുകാരെ നിയോഗിച്ചിരുന്നു. ഇങ്ങനെ മൂന്ന് ഷിഫ്റ്റ് ഉണ്ടായിരുന്നു. ഒരു ഷിഫ്റ്റിലെ ആറ് ഉദ്യോഗസ്ഥര്‍ ഒന്നര മണിക്കൂര്‍ മാറി മാറി പതിനെട്ടാം പടിയില്‍ തീര്‍ഥാടകരെ പടി കയറാന്‍ സഹായിച്ചിരുന്നു.