ജീവനക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം ആരംഭിച്ചു

post

എറണാകുളം: കോവിഡിനെ പ്രതിരോധിക്കാന്‍ തിരഞ്ഞെടുപ്പ് ജീവനക്കാര്‍ക്കുള്ള സാനിറ്റൈസറ്റുകളുടെയും എന്‍ 95 മാസ്‌കുകളുടെയും കൈയുറകളുടെയും വിതരണം ആരംംഭിച്ചു . ജില്ലാ കളക്ടര്‍ എസ്.സുഹാസ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ഡപ്യൂട്ടി കലക്ടര്‍ പി.ബി.സുനിലാലിന് നല്‍കി വിതരണോദ്ഘാടനം നടത്തി. 

കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി കര്‍ശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന നിബന്ധനയുണ്ട്. ഫേസ് ഷീല്‍ഡ്, മാസ്‌ക് , കൈയുറ എന്നിവയും ധരിച്ചിരിക്കണം. ഇതിനായി ജില്ലയില്‍ ഇന്നലെ 82200 എന്‍ 95 മാസ്‌കുകളാണ് വിതരണത്തിനായി എത്തിച്ചത്. 108200 കൈയുറകളും അരലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 5860 ബോട്ടില്‍ സാനിറ്റൈസറും വിതരണത്തിനായുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് വിതരണത്തിന്റെ ചുമതല. കൂടാതെ പോളിംഗ് ദിവസം ബൂത്തുകളില്‍ ഉപയോഗിക്കുന്നതിനായി 500 എം.എല്‍ വീതമുള്ള 12640 ബോട്ടില്‍  സാനിറ്റൈസറും അഞ്ച് ലിറ്ററിന്റെ 3160 ബോട്ടില്‍ സാനിറ്റൈസറും എത്തിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന 20200 ഫെയ്‌സ് ഷീല്‍ഡുകളും വീണ്ടും ഉപയോഗിക്കാവുന്ന 250 ഫെയ്‌സ് ഷീല്‍ഡും ജീവനക്കാര്‍ക്കായി എത്തിച്ചു കഴിഞ്ഞു.

ഗ്രാമപഞ്ചായത്ത് വരണാധികാര്‍ മാര്‍ക്കുള്ള സാമഗ്രികള്‍ അതാത് ബ്ലോക്ക് ഓഫീസുകളില്‍ എത്തിച്ചായിരിക്കും വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളിലും കാക്കനാട് പഴയ വില്ലേജ് ഓഫീസ് ഹാളിലുമാണ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. ബൂത്തിലേക്കുള്ള സാമഗ്രികളുടെ വിതരണം പിന്നീട് നടക്കും.