ശബരിമല ക്ഷേത്രനട തുറന്നു; ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ ചുമതലയേറ്റു

post

പത്തനംതിട്ട : ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.

ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു.  നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എം എന്‍.രജികുമാറിന്റെയും അഭിഷേക അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ശബരിമല  മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എ.കെ .സുധീര്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഇരുവരും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതു വണങ്ങി. 6.45 ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയെ അയ്യപ്പന് മുന്നില്‍ വച്ച് അഭിഷേകം നടത്തി അവരോധിക്കുകയായിരുന്നു. ശേഷം തന്ത്രി കണ്ഠരര് രാജീവരര്  മേല്‍ശാന്തിയെ  ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി , മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുത്തു. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ച് മേല്‍ശാന്തി എം.എന്‍. രജികുമാറിനെയും അഭിഷേകം നടത്തി അവരോധിച്ചു. ഹരിവരാസനത്തെ തുടര്‍ന്ന് രാത്രി 9 മണിക്ക് നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര തിരുനട അടച്ച് താക്കോല്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹം താക്കോല്‍  പുതിയ മേല്‍ശാന്തി വി.കെ.ജയരാജ്‌പോറ്റിക്ക് കൈമാറുകയായിരുന്നു. വിശ്ചികം ഒന്നായ ഇന്ന്(16)  പുലര്‍ച്ചെ അഞ്ചിന് പുറപ്പെടാ ശാന്തിമാരായ  ഇവരാണ് ഇരു ക്ഷേത്ര നടകളും തുറക്കുക.

ഇന്ന് (16) പുലര്‍ച്ചെ മുതല്‍ ഭക്തര്‍ മല കയറി തുടങ്ങും. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് ദര്‍ശനത്തിനായി എത്തുന്നത് . ഇന്നുമുതല്‍  ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബര്‍ 30ന് തുറക്കും. 2021 ജനുവരി 14ന് ആണ് മകരവിളക്ക്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി ,ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.