മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം തുറക്കും
ഭക്തര്‍ക്ക് പ്രവേശനം 16ന് പുലര്‍ച്ചെ മുതല്‍;
മണ്ഡലപൂജ ഡിസംബര്‍ 26ന്
പത്തനംതിട്ട : ഇനി ശരണം വിളിയുടെ നാളുകള്‍. 2020-2021 വര്‍ഷത്തെ മണ്ഡല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് ( 15) വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകരും. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എം. എന്‍. രജികുമാറിന്റെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും ഇന്നു(15) വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും.
തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വച്ച് അഭിഷേകം നടത്തി അവരോധിക്കും. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിന് ഉള്ളിലേക്ക് കൈപിടിച്ച് കയറ്റി, നട അടച്ച ശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ച് മേല്‍ശാന്തി എം.എന്‍. രജികുമാറിനെയും അഭിഷേകം നടത്തി അവരോധിക്കും. വൃശ്ചികം ഒന്നായ 16 ന് പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി 15 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.
16 ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ മല കയറാന്‍ അനുവദിക്കും. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതല്‍ ദര്‍ശനത്തിനായി എത്തിച്ചേരുക. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉല്‍സവ കാലം. മകരവിളക്ക് ഉല്‍സവത്തിനായി ക്ഷേത്ര നട 30ന് തുറക്കും. 2021 ജനുവരി 14ന് ആണ് മകരവിളക്ക്.










