1000 മെഗാവാട്ട് സൗരോര്‍ജം ലക്ഷ്യം: മന്ത്രി എം എം മണി

post

ഇടുക്കി : സൗരോര്‍ജം ഉപയോഗിച്ച് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടെന്ന് വൈദ്യുതി മന്ത്രി എം എം മണി. വണ്ടന്‍മേട്ടില്‍ നിര്‍മ്മിച്ച 33 കെ വി സബ് സ്റ്റേഷന്റെയും അനുബന്ധ 21 കിലോമീറ്റര്‍ 33 കെ വി ലൈനിന്റെയും  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 500 മെഗാവാട്ട് വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചും 500 മെഗാവാട്ട് ഡാമുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു വൈദ്യുതി ഉല്പാദിപ്പിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്. പഴകിയ വിതരണശൃംഖല പുതുക്കുന്നതോടൊപ്പം 400 കെവി സബ്‌സ്റ്റേഷനുകള്‍ സ്ഥാപിച്ച് കേരളത്തിലെ മുഴുവന്‍ വിതരണ രംഗത്തും മാറ്റംവരുത്താനുള്ള പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്താണ് സബ്‌സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നെടുങ്കണ്ടം 66 കെവി സബ്‌സ്റ്റേഷന്‍ ഇല്‍ 33 കെവി ഫീഡര്‍ സ്ഥാപിക്കുകയും അവിടെ നിന്നും 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 33 കെവി ഓവര്‍ ഹെഡ് ലൈന്‍ നിര്‍മ്മിച്ചുമാണ് വണ്ടന്‍മേട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. നിലവില്‍ വണ്ടന്‍മേട് സബ്‌സ്റ്റേഷനില്‍ 33 ,11 കെവി 5 ങഢക  ഉള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നും 4, 11 കെ വി ഫീഡറുകളിലൂടെ വൈദ്യുതിവിതരണം നടത്തുന്നതിന് സബ്‌സ്റ്റേഷന്‍ സജ്ജമാണ്. നിലവില്‍ വണ്ടന്മേട്, പുറ്റടി, അണക്കര ,ചേറ്റുകുഴി, കമ്പംമെട്ട്, കുഴിത്തൊളു, പുളിയന്മല, മാലി , ആനവിലാസം എന്നീ സ്ഥലങ്ങളിലേക്ക് നെടുങ്കണ്ടം കട്ടപ്പന എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നും 30 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള 11 കെവി ലൈനുകള്‍ മുഖേനയാണ് വൈദ്യുതി വിതരണം ചെയ്തു വരുന്നത്. ഇതുമൂലം പലവിധ കാരണങ്ങളാല്‍  വൈദ്യുതി തടസ്സങ്ങള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വണ്ടന്‍മേട് 33 കെവി സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായതോടെ വണ്ടന്‍മേട് അണക്കര കട്ടപ്പന എന്നീ സെഷനുകളില്‍ സെഷനുകള്‍ക്ക് കീഴില്‍ വരുന്ന ഇരുപത്തി അയ്യായിരത്തില്‍പ്പരം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യുവാന്‍ സാധിക്കും. 7.1  കോടി രൂപ ചെലവിട്ടാണ് സബ്‌സ്റ്റേഷന്‍ റെയും അനുബന്ധ ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വണ്ടന്‍മേട് എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാന്‍സി റെജി യോഗത്തിന് അധ്യക്ഷത വഹിച്ചു. സൗത്ത് ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍  സുകു ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ഡോക്ടര്‍ ഡോ. വി ശിവദാസന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്ണ്‍ കുഞ്ഞുമോള്‍ ചാക്കോ, ബ്ലോക്ക്പഞ്ചായത്ത്  വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്ണ്‍ സന്ധ്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗം ജോബന്‍ പാനോസ് , ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.