പൊതുമരാമത്ത് പണികള്‍ക്കായി തിരുവല്ലയില്‍ നടത്തുന്നത് വലിയ നിക്ഷേപം: മന്ത്രി ജി.സുധാകരന്‍

post

ഓട്ടാഫീസ് കടവ് പാലത്തിന്റെ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : പൊതുമരാമത്ത് പണികള്‍ക്ക് വലിയ രീതിയിലുള്ള പണനിക്ഷേപമാണ് തിരുവല്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നിര്‍മ്മിച്ച ഓട്ടാഫീസ് കടവ് പാലത്തിന്റെ ഉദ്ഘാടനം ഓട്ടാഫീസ്‌കടവ് എസ്എന്‍ഡിപി ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

ഒന്നര മാസക്കാലയളവില്‍ ഏഴ് പൊതുമരാമത്ത് പരിപാടികള്‍ ഇപ്പോള്‍ തിരുവല്ലയില്‍ നടന്നു കഴിഞ്ഞു. ഉന്നത ജീവിത നിലവാരം ആഗ്രഹിക്കുന്ന തിരുവല്ലയിലെ ജനങ്ങള്‍ക്ക് കാലത്തിന് ചേരുന്ന വികസനംതന്നെ നടത്തും. നെടുമ്പ്രം പഞ്ചായത്തിലെ ഓട്ടാഫീസ് കടവ് പാലം പൊടിയാടികല്ലുങ്കല്‍ കരകളെ ബന്ധിപ്പിക്കുന്നു. പ്രളയങ്ങളില്‍ പൊതുവെ ഒറ്റപ്പെട്ടുപോകാറുള്ള കല്ലുങ്കല്‍ നിവാസികള്‍ക്ക് ഈ പാലം നിര്‍മ്മാണത്തോടുകൂടി നഗരത്തിലേക്ക് കടക്കുന്നതിന് ഒരു രക്ഷാമാര്‍ഗം തുറന്നുകിട്ടി. കൂടാതെ ഉപദേശി കടവ് പാലം പൂര്‍ത്തിയാകുന്നതോടെ ഓട്ടാഫീസ് കടവ്, ഇരമല്ലിക്കര, ഉപദേശികടവ് പാലങ്ങളിലൂടെ പൊടിയാടിയില്‍ നിന്ന് മാന്നാര്‍ എത്തിച്ചേരാനും അവിടെ നിന്ന് തിരുവല്ല കായംകുളം സംസ്ഥാനപാതയിലെ വാഹനപെരുപ്പം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

3.45 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച് 25.32 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച പാലത്തിന് ഇരുവശവും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയോടുകൂടി 11.05 മീറ്റര്‍ ആകെ വീതിയുണ്ട്. 99.10 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയോടു കൂടിയാണു പലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന് പൊടിയാടി ഭാഗത്ത് 452 മീറ്റര്‍ നീളവും, കല്ലുങ്കല്‍ ഭാഗത്ത് 132 മീറ്റര്‍ നീളവുമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍  പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്കവും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വ്യവഹാരങ്ങളില്‍ കോടതി തീരുമാനത്തില്‍ നേരിട്ട കാലതാമസവും പൂര്‍ത്തീകരണത്തെ സാരമായി ബാധിച്ചുവെങ്കിലും പാലം പണി നന്നായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. പാലത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭിക്കാന്‍ റോഡിന്റെ 220 മീറ്റര്‍ കൂടി നവീകരിക്കേണ്ടിയിരുന്നു. അതിനായി അഡ്വ മാത്യു ടി തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 26.08 ലക്ഷം രൂപ അനുവദിച്ച് അതിന്റെ പ്രവര്‍ത്തനം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.