നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

പത്തനംതിട്ട : സംസ്ഥാന ഭരണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് വില്ലേജ് ഓഫീസുകളെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

  കേരളത്തിലെ 160 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാകുന്ന ബൃഹത്തായ പദ്ധതിയില്‍ നിരണവും ഉള്‍പ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. പൊതുജനസൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍ക്ക് സാധിക്കും. നിരണം പഞ്ചായത്ത് എല്ലാ മേഖലയിലും സ്മാര്‍ട്ട് ആകുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍ കൂടാതെ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളിലൂടെയും എംഎല്‍എ ഫണ്ടിലൂടെയും ഏതെല്ലാം രീതിയില്‍ വികസനം നടത്താന്‍ സാധിക്കുമോ ആ രീതിയിലെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശമാണ് നിരണം. കുടിവെള്ള പദ്ധതി അതിന്റെ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, നിരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജൂലി റെന്നി, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ പി. വര്‍ഗീസ്, നിരണം വില്ലേജ് ഓഫീസര്‍ പി. ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.