മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി പുനരധിവാസത്തില്‍ ചെയ്തു: മന്ത്രി എം എം മണി

post

കുറ്റിയാര്‍വാലിയില്‍  പട്ടയം വിതരണം ചെയ്തു, വീടു നിര്‍മാണത്തിനു കല്ലിട്ടു

ഇടുക്കി : മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി ദുരന്ത രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തി. പത്ര മാധ്യമങ്ങളും വലിയ പങ്കു വഹിച്ചു. ഡീന്‍കുര്യാക്കോസ് എം പി യും എസ് രാജേന്ദ്രന്‍ എം എല്‍ എ യും ജില്ലാ കലക്ടര്‍ സബ് കലക്ടര്‍ ജില്ലാ ഭരണകൂടവും പോലീസും സമയബന്ധിതമായ രക്ഷാപ്രവര്‍ത്തനത്തിനാണ് നേതൃത്വം നടത്തിയത്. മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരും പെട്ടിമുടിയില്‍ സന്ദര്‍ശിച്ചു. എം പി സ്ഥലത്തു ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പെട്ടിമുടി ഉരുള്‍പൊട്ടലില്‍  മുപ്പത്തിരണ്ട് കുടുംബങ്ങളിലെ എഴുപത് പേരാണ് മരിച്ചത്. ദുരന്തത്തില്‍പ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് യോജ്യമായ ഭൂമി കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഡിഎച്ച് വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 1264 ല്‍ 50 സെന്റ് ഭൂമി കണ്ടെത്തുകയും ചെയ്തു.

വീടു വെച്ചുകൊടുക്കാന്‍ വേണ്ട സഹായം കമ്പനി നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ജില്ലാ ഭരണകൂടവും കമ്പനിയും എല്ലാ തലത്തിലുമുള്ള ഉദ്യോസ്ഥരും ഫലപ്രദമായ വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് എല്ലാവരേയും അഭിനന്ദിക്കുന്നു. ഇവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. പൊതു ആവശ്യത്തിനായി മാറ്റി വെച്ചിരിക്കുന്ന ദേവികുളം താലൂക്ക് കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയില്‍ അഞ്ച് സെന്റ് ഭൂമി വീതം എട്ട് വ്യക്തികള്‍ക്ക് പട്ടയം നല്‍കുന്നതിന്റേയും വീടുകളുടെ തറക്കല്ലിടീലും കുറ്റിയാര്‍വാലി പദ്ധതി പ്രദേശത്ത് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 നഷ്ട പരിഹാരം നല്‍കാന്‍ അനന്തരാവകാശികളെ നിശ്ചയിക്കേണ്ടതുണ്ട്. നടപടി ക്രമം നവംബറോടെ പൂര്‍ത്തിയാക്കി ഫണ്ടുകൈമാറുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ശരണ്യഅന്നലക്ഷ്മി, സരസ്വതിസീതാലക്ഷ്മി, പ്രഭുവിന്റെ മകന്‍ ദീപന്‍ ചക്രവര്‍ത്തിയുടേയും ഭാര്യ പളനിയമ്മ, ഹേമലതഗോപിക, ഷണ്‍മുഖയ്യയുടെ ഭാര്യ കറുപ്പായി, മുരുകേശന്‍ ഭാര്യ മുരുകേശ്വരി മകന്‍ ഗണേഷ്, പാല്‍പാണ്ടിയുടെ ഭാര്യ മലയമ്മാള്‍ മകന്‍ കാര്‍ത്തിക്, മകള്‍ പ്രവീണ കൊച്ചുമകള്‍ ജിഗ്‌നേഷ് എന്നിവര്‍ക്കാണ് പട്ടയം നല്‍കിയത്. വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. എസ് രാജേന്ദ്രന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.എച്.കമ്പനി മാനേജിങ് ഡയറക്ടര്‍ കെ. മാത്യു എബ്രാഹം മുഖ്യാതിഥിയായി. ദേവികുളം സബ്കലക്ടര്‍ പ്രേം കൃഷ്ണന്‍, ദേവികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദേവികുളം തഹസീര്‍ദാര്‍ ജിജി എം കുന്നപ്പള്ളില്‍ നന്ദിയും പറഞ്ഞു.