ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

post

ഇടുക്കി :  ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ ബി.ആര്‍.സിക്ക് കീഴില്‍ പൂര്‍ത്തിയാക്കുന്ന ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയാണ് സെന്ററിന്റെ ലക്ഷ്യം.

സമഗ്ര ശിക്ഷ കരിമണ്ണൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനോട് ചേര്‍ന്നാണ് ആധുനിക സംവിധാനങ്ങളോടുകൂടിയ ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ ഏജസികളുടെ സഹകരണത്തോടെ ഘട്ടം ഘട്ടമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഓട്ടിസം സെന്റര്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാകുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഭിന്നശേഷി ക്കുട്ടികള്‍ക്കാവശ്യമായ വിവിധ തെറാപ്പികള്‍  ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി  കൗണ്‍സിലിംഗ്, എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സൗജന്യമായി ഈ കേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി മള്‍ട്ടി സെന്‍സറി റൂം, വെര്‍ച്ച്വല്‍ റിയാലിറ്റി റൂം, എന്നിവയും ഓട്ടിസം സെന്ററില്‍ ക്രമീകരിക്കും. സമഗ്ര ശിക്ഷ നിയമിക്കുന്ന സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സിന്റെയും തെറാപ്പിസ്റ്റുകളുടെയും സേവനം ഈ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതാണെന്ന് ബി.ആര്‍.സി. അധികൃതര്‍ സൂചിപ്പിച്ചു.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗൗരി സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജി സുരേന്ദ്രന്‍,  ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അഡ്വ. ബേസില്‍ ജോണ്‍, ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാമിങ് കോഡിനേറ്റര്‍ ജോസി ജോസ് എന്നിവര്‍ സംസാരിച്ചു.