കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സഞ്ചാരികള്‍ ജില്ലയിലെത്തണം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

കൊലുമ്പന്‍ സമാധി സ്മാരകം നാടിന് സമര്‍പ്പിച്ചു 

ഇടുക്കി : കോവിഡ് 19 മായി ബന്ധപ്പെട്ട് എല്ലാവിധ ചട്ടവട്ടങ്ങള്‍ക്കും വിധേയമായി സഞ്ചാരികള്‍ ഇടുക്കിയിലെത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറവന്‍- കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍  സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ  നവീകരിച്ച  സമാധി സ്മാരകം ഓണ്‍ലൈനായി   ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയില്‍ തകിടം മറിഞ്ഞ കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ ടൂറിസത്തിന്  കഴിയും.

  ജില്ലയില്‍ 52 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്  വ്യവസ്ഥയുടെ തിരിച്ചുവരവ് ടൂറിസം മേഖലയിലൂടെയാണ്. കോവിഡ്  മഹാമാരി മൂലം തകര്‍ന്ന ടൂറിസം മേഖലയില്‍ 455 കോടി രൂപയുടെ സഹായ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംരംഭകര്‍ക്കും ടൂറിസവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമാകുന്നതാണ് പദ്ധതി. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ നല്‍കും.  ഇതിന്റെ ഒരു വര്‍ഷത്തെ പലിശയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായിട്ടാണ്  നല്‍കുന്നത്. ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് 20,000 രൂപ മുതല്‍ 30,000 രൂപ വരെ കേരള ബാങ്കില്‍ നിന്ന് വായ്പ നല്‍കും. 9 ശതമാനം പലിശയ്ക്ക് ആണ് നല്‍കുന്നതെങ്കിലും മൂന്ന് ശതമാനം തൊഴിലാളികള്‍ അടച്ചാല്‍ മതി, ആറ് ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് മുഖ്യമന്ത്രിയുടെ ടൂറിസം വായ്പാ സഹായ പദ്ധതിയില്‍ 1100 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ടൂറിസ്റ്റുകള്‍ക്ക് പതിനായിരം രൂപ നല്‍കിയിട്ടുണ്ട്.  ഹോംസ്റ്റേകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ വാണിജ്യ കരം  ഒഴിവാക്കി വീട്ടുകരമാക്കി.

ചടങ്ങില്‍  വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി അധ്യക്ഷത വഹിച്ചു. ദീര്‍ഘനാളായുള്ള ഒരു ജനതയുടെ ആവശ്യത്തിന് പരിഹാരമായെന്നും  കൊലുമ്പന്റെ പിന്മുറക്കാര്‍ താമസിക്കുന്ന  കൊലുമ്പന്‍ കോളനിയില്‍ കഴിഞ്ഞ ഓണത്തിന് പട്ടയം നല്‍കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്ടിമുടി ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി ഭൂമിയും വീടും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ച് കുറ്റിയാര്‍വാലിയില്‍ എട്ടു കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമിയുടെ പട്ടയവിതരണവും വീടുകളുടെ തറ കല്ലിടിലും  ഇന്ന് (01) നടക്കുമെന്നും മന്ത്രി പറഞ്ഞു.  ഫിലിം ഡയറക്ടര്‍ മണി വട്ടപ്പാറ നിര്‍മിക്കാന്‍ പോകുന്ന കൊലുമ്പന്‍ എന്ന സിനിമയുടെ പോസ്റ്റര്‍  പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും   ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ആമുഖ പ്രസംഗവും നടത്തി. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍,  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വിഎം,  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിന്റു സുഭാഷ്, ഡിറ്റിപിസി  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിവി  വര്‍ഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം ജലാലുദ്ദീന്‍, പഞ്ചായത്തംഗം പ്രഭാ തങ്കച്ചന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശ്രീകുമാര്‍, ഡിറ്റിപിസി സെക്രട്ടറി ഇന്‍ ചാര്‍ജ് ഗിരീഷ് പിഎസ്, കൊലുമ്പന്‍ കോളനി ഊര് മൂപ്പന്‍ ടിവി രാജപ്പന്‍, കാണി തേനന്‍ ഭാസ്‌കരന്‍  തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു .

പദ്ധതി

2012-13 സംസ്ഥാന ബജറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ 2015 ല്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇടുക്കി അണക്കെട്ടിന് സമീപം വെള്ളാപ്പാറയില്‍  പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയാണിത്.  70 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എ ചെയര്‍മാനും എഡിഎം സെക്രട്ടറിയുമായ കമ്മിറ്റി ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സമാധി സ്ഥലത്ത് കൊലുമ്പന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നതിനും   കൊത്തുപണികളോടെ കുടീരം നിര്‍മ്മിക്കുന്നതിനും  നിലവിലുള്ളവ  പരമ്പരാഗത സ്വഭാവത്തോടെ  നവീകരിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.  പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്.  സ്മാരകത്തിനോട് ചേര്‍ന്ന് ഇടുക്കി ഡാമിന്റെ ചരിത്രം, ഇടുക്കിയുടെ പഴമ, നിര്‍മ്മാണ സമയത്തെ ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബുക് ലെറ്റും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്ന സ്റ്റാള്‍ കൂടി സജ്ജമാക്കും.

  വെള്ളപ്പാറയില്‍ പൂര്‍ത്തിയായ ചെമ്പന്‍ കൊലുമ്പന്‍ സമാധി ഇടുക്കി ഡാമിന്റെ പ്രധാന  ആകര്‍ഷണ കേന്ദ്രമാകും.  തനത് കേരള തച്ചുശാസ്ത്ര മാതൃകയിലാണ് അഷ്ടകോണ്‍ മണ്ഡപം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഷ്ടകോണ്‍ മണ്ഡപത്തില്‍ കരിങ്കല്ലില്‍ തീര്‍ത്ത പഞ്ച വര്‍ഗപീഠത്തിലാണ് ചെമ്പന്‍ കൊലുമ്പന്റെ അഞ്ചേമുക്കാല്‍ അടി പൊക്കമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത് .27 അടി ഉയരത്തിലാണ് മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. തേക്കു തടിയില്‍ മേല്‍ക്കൂരയും ഓട് പാകിയ മേല്‍ക്കൂരയും താഴികകുടവും സ്ഥാപിച്ചു. അതിനോടൊപ്പം ചെമ്പന്‍ കൊലുമ്പനെ സമാധി ചെയ്തിരിക്കുന്ന സ്ഥലത്ത് കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചവര്‍ഗ്ഗ കല്ലറയും സമാധിക്കു സമീപം 20 അടി പൊക്കമുള്ള സിമെന്റില്‍ തീര്‍ത്ത മരവും അതില്‍ ഒരു  ഏറുമാടത്തിന്റെ  മാതൃകയും തീര്‍ത്തിട്ടുണ്ട്.  അതിനുചുറ്റും സിമെന്റില്‍ തീര്‍ത്ത ആന, പുലി , മാന്‍ എന്നിവയുടെ ശില്പവും സ്ഥാപിച്ചു.

1976 ല്‍ ഇടുക്കി ജല വൈദുത പദ്ധതി കമ്മീഷന്‍ ചെയ്തതിനോടനുബന്ധിച്ച്  ഡാമിനോട് ചേര്‍ന്ന് കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. അന്നു പ്രതിമ നിര്‍മ്മിച്ച ശില്പി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തിന്റെയും ശില്പി.