ഹരിത ക്യാമ്പസ് പദ്ധതി എല്ലാ ഐ.ടി.ഐകളിലും വ്യാപിപ്പിക്കും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

post

പത്തനംതിട്ട: വ്യാവസായിക വകുപ്പുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന ഐ.ടി.ഐ. ഹരിതക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍. 11 ഐ.ടി.ഐകളെ ഹരിതക്യാമ്പസായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനും കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ തീവ്രയജ്ഞത്തില്‍ സംസ്ഥാനത്തെ ഐ.ടി.ഐ. ട്രെയ്‌നികളെയും പരിശീലകരെയും ജീവനക്കാരെയും പങ്കാളികളാക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 

പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജലസ്രോതസ്സുകളുടെ സംരക്ഷണം, നാടിന്റെ പച്ചപ്പ് വീണ്ടെടുക്കല്‍ തുടങ്ങി എല്ലാ രംഗത്തും ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. പ്രളയം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സമൂഹത്തിന് കൈത്താങ്ങാകാനുള്ള സാമൂഹ്യ ഉത്തരവാദിത്വ ബോധവും അതിനുതകുന്ന നൈപുണ്യശേഷിയുമുള്ള തലമുറയാണ് ഇന്ന് കേരളത്തിലെ ഐ.ടി.ഐകളില്‍ നിന്ന് പരിശീലനം നേടി പുറത്തുവരുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഐ.ടി.ഐ. കഴക്കൂട്ടം (തിരുവനന്തപുരം), ഐ.ടി.ഐ. ചന്ദനത്തോപ്പ് (കൊല്ലം), ഐ.ടി.ഐ. ചെന്നീര്‍ക്കര (പത്തനംതിട്ട), ഐ.ടി.ഐ. കട്ടപ്പന (ഇടുക്കി), വനിത ഐ.ടി.ഐ. ചാലക്കുടി (തൃശൂര്‍), ഐ.ടി.ഐ. മലമ്പുഴ (പാലക്കാട്), ഐ.ടി.ഐ. വാണിയംകുളം (പാലക്കാട്), ഐ.ടി.ഐ. അരീക്കോട് (മലപ്പുറം), വനിത ഐ.ടി.ഐ. കോഴിക്കോട് (കോഴിക്കോട്), ഐ.ടി.ഐ. കല്‍പ്പറ്റ (വയനാട്), ഐ.ടി.ഐ. പുല്ലൂര്‍ (കാസറഗോഡ്) എന്നീ 11 ഐ.ടി.ഐകളെയാണ് ഹരിത ഐ.ടി.ഐ. ക്യാമ്പസുകളായി പ്രഖ്യാപിച്ചത്. ഹരിതക്യാമ്പസ് ആശയം സംസ്ഥാനത്തെ എല്ലാ കലാലയ ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവര്‍ പങ്കെടുത്തു. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജസ്റ്റിന്‍ രാജ് ബി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.