ചുരുങ്ങിയ കാലത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വീടുകളിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലജീവന്‍ മിഷന്‍ ആറന്മുള നിയോജക മണ്ഡലം ഒന്നാംഘട്ട പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്കായി ആറന്മുള മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായിട്ടുള്ള തുകയിലേക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപ അനുവദിക്കുമെന്ന് അധ്യക്ഷത പ്രസംഗത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ പൈപ്പിലൂടെ ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. 2024 വര്‍ഷത്തോടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം പഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമായി ഉള്‍പ്പെടുത്തിയിട്ടുളളത്. 2020-21 വര്‍ഷത്തില്‍ ആറന്മുള മണ്ഡലത്തിലുള്‍പ്പെട്ട 12 ഗ്രാമപഞ്ചായത്തുകളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ചുമതലയില്‍ ഒന്നാം ഘട്ടമായി 4,860 വീടുകള്‍ക്ക് 1,253 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 1500 വീടുകള്‍ക്ക് 524 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ജില്ലാ സമിതിയുടെ അനുമതി ലഭിക്കുകയും സംസ്ഥാന സമിതിക്ക് ഭരണാനുമതി ലഭിക്കുന്നതിന് സമര്‍പ്പിക്കുന്നതിന് തയാറായിട്ടുണ്ട്.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണകുറുപ്പ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അലക്‌സ് കണ്ണമല, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഓമനക്കുട്ടന്‍ നായര്‍, കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.










