ശാസ്ത്രപഥം പദ്ധതി ഈ വര്‍ഷം ഓണ്‍ലൈനായി നടത്തും

post

ഇടുക്കി: ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രഭിരുചിയും, ശാസ്ത്രീയ മനോഭാവവും ശാസ്ത്രാവബോധവും വളര്‍ത്തുന്നതിന് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രപഥം പദ്ധതി നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് റസിഡന്‍ഷ്യല്‍ ക്യാമ്പായി സംഘടിപ്പിച്ചിരുന്നത് ഈ വര്‍ഷം കോവിഡ് 19 ന്റെ സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈനായിട്ടാണ് സംഘടിപ്പിക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പൊതുവായും ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നി വിഷയങ്ങളില്‍ പ്രത്യേകമായും ബി.ആര്‍.സി തലത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയത്തെക്കുറിച്ച് പ്രബന്ധം തയാറാക്കി അവതരിപ്പിക്കുന്നതിന് അവസരം നല്‍കും. മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന 5 കുട്ടികളെ വീതം ഓരോ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുത്ത് ജില്ലാതല ശാസ്ത്രപഥം പരിപാടിയില്‍ പങ്കെടുക്കും. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാം. തെരഞ്ഞെുടുക്കപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ശാസ്ത്ര മേഖലയിലെ വിസ്മയങ്ങളെ തിരിച്ചറിയുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും ഗവേണഷണത്തിനുമുള്ള സാധ്യതകള്‍ തരിച്ചറിയുന്നതിനും ശാസ്ത്രപഥം സഹായിക്കും. നവംബര്‍ ആദ്യവാരം തുടങ്ങുന്ന ശാസ്ത്രപഥം പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ ബി.ആര്‍.സി തലത്തില്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കോളേജുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുമായി സംവദിക്കുന്നതിനും ആധുനിക ശാസ്ത്ര ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനുമുള്ള അവസരം ലഭിക്കും. ശാസ്ത്ര പുരോഗതിയും സാമൂഹ്യ പുരോഗതിയും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിനും സ്വന്തം അഭിരുചികള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് തുടര്‍ പഠന ഗവേഷണ സാധ്യതകള്‍ തിരിച്ചറിയുന്നതിനും കുട്ടികളെ സഹായിക്കുന്ന പരിപാടിയാണ് ശാസ്ത്രപഥം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂള്‍ ഉള്‍പ്പെടുന്ന ഉപജില്ലാ പരിധിയിലെ ബ്ലോക്ക് റിസോഴ്സ് സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന് സമഗ്രശിക്ഷാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി അറിയിച്ചു.