ഉത്പാദനത്തില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി

post


ഇടുക്കി: രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതിയായ ഇടുക്കി വൈദ്യുതോല്‍പ്പാദനത്തില്‍ ചരിത്ര നേട്ടത്തിന്റെ നിറവില്‍. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റില്‍ എത്തി. 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതി 44 വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 1975ലും 1986 ലും രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ജനറേറ്ററുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പവര്‍ ഹൗസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കുതിരലാടത്തിന്റെ ആകൃതിയിലാണ് മൂലമറ്റം വൈദ്യുതി നിലയം പണിതിരിക്കുന്നത്.  പ്രദേശത്തിന്റെയും ഭൂപ്രകൃതിയുടെയും പ്രത്യേകത പരിഗണിച്ച് ഭൂമിയുടെ അടിയിലാണ് വൈദ്യുതി നിലയം. വിസ്തൃതി ഏറിയ പാറയ്ക്കുള്ളില്‍ തുരന്നെടുത്ത 7 നിലകളായാണ് വൈദുതി നിലയം. പുറമേയുള്ള പ്രവേശന കവാടത്തില്‍ നിന്നും തുരങ്കത്തിലൂടെ വാഹനത്തിലെത്തുന്നത് 4-ാം നിലയിലാണ്. ഇവിടെ നിന്ന് മൂന്നു നിലകള്‍ വീതം താഴെയും  മുകളിലുമായുണ്ട്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളെ ഒരുമിപ്പിച്ചുള്ള ഇടുക്കി ജല സംഭരണിയാണ് ഊര്‍ജോല്‍പാദനത്തിന്റെ സ്രോതസ്.

കുളമാവ് അണക്കെട്ടിനു സമീപം സ്ഥാപിച്ചിരിക്കുന്ന മോണിങ് ഗ്ലോറി ഇന്‍ടേക് ടവര്‍ വഴിയാണ് വെള്ളം നിലയത്തിലെത്തിക്കുന്നത്. ഇത് പൂര്‍ണമായും ജലാശയത്തിനകത്താണ്. തുടര്‍ന്നു ടണല്‍ വഴി വെള്ളം കണ്‍ട്രോള്‍ ഷാഫ്റ്റിലെത്തി ഇവിടെ നിന്നും സര്‍ജ് ഷാഫ്റ്റിലെത്തിക്കും. നാടുകാണി മലയുടെ സമീപത്തുള്ള ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍ വഴി ഭൂമിക്ക് അടിയില്‍ സ്ഥാപിച്ചിരിക്കുന്ന  പെന്‍സ്റ്റോക്കുകളിലൂടെ മൂലമറ്റം വൈദ്യുതി നിലയത്തിലെത്തും. തുടര്‍ന്ന് സ്ഫെറിക്കല്‍ വാല്‍വ് വഴി കടത്തിവിടുന്ന വെള്ളം ജനറേറ്ററുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനുകള്‍ കറക്കും. ഇങ്ങനെയാണ് നിലയത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

എന്‍ജിനിയര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ നിരവധി ജീവനക്കാരാണ് മുഴുവന്‍ സമയവും ഇവിടെ ജോലി ചെയ്യുന്നത്. അപകട സാധ്യത കൂടിയ ഗണത്തില്‍ വരുന്നതിനാല്‍ ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷിഫ്റ്റുകളായി ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്.

മൂലമറ്റത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിലൊട്ടാകെ വിതരണം ചെയ്യുന്നുണ്ട്. നേരിട്ട് മൂലമറ്റത്ത് നിന്നും വിതരണം ചെയ്യുന്നില്ല. മൂലമറ്റം നിലയത്തില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി, ഓയില്‍ നിറച്ച 220 കെവി കേബിള്‍ വഴി പവര്‍ഹൗസിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് യാര്‍ഡിലെത്തിക്കും. ഇവിടെ നിന്ന് ആറ് 220 കെവി ഫീഡര്‍ വഴി കളമശ്ശേരി (70 കി.മീ. 2 ലൈനുകള്‍ ), ലോവര്‍പെരിയാര്‍ (30 കി.മീ. 2 ലൈനുകള്‍ ), പള്ളം (60 കി.മീ. ഒരു ലൈന്‍), ഉദുമല്‍പേട്ട (അന്തര്‍സംസ്ഥാന വൈദ്യുതി ലൈന്‍, 2 ഫീഡറുകള്‍, 110 കി.മീ) എന്നിവിടങ്ങിലെ സബ് സ്റ്റേഷനുകളിലേക്ക് ആദ്യം നേരിട്ട് വൈദ്യുതി എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായുള്ള ടവര്‍ ലൈനുകള്‍ വനത്തിലൂടെയും ജനവാസ മേഖലയിലൂടെയുമാണ് കടന്നു പോകുന്നത്. ഈ നാല് സബ് സ്റ്റേഷനുകളില്‍ നിന്നാണ് കേരളത്തിലെ മറ്റിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും മൂലമറ്റത്ത് നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്.