കുരുക്ക് ഇനി പഴയ കഥ; വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

post

എറണാകുളം: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്ന്. മണിക്കൂറില്‍ പതിമൂവായിരത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന ഇടം. വാഹനമോടിക്കുന്നവര്‍ക്ക് ബാലികേറാമലയായ വൈറ്റില ജംഗ്ഷന്‍. ഈ അവസ്ഥ മാറാന്‍ ഇനി കാത്തിരിക്കേണ്ടത് ഏതാനും ദിവസങ്ങള്‍ മാത്രം. അവസാന ഘട്ട ടാറിംഗ് ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

440 മീറ്റര്‍ നീളം, 12 മീറ്റര്‍ വീതി

440 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും മൂന്ന് വരി പാതയായി രണ്ട് പാലങ്ങളായിട്ടാണ് ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണം. ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ പാലത്തിന്റെ ആകെ നീളം 720 മീറ്ററാണ്. മേല്‍പ്പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാലത്തിന്റെ ബീമിലേക്ക് പാലത്തില്‍ നിന്നുള്ള ഉയരം 5.5 മീറ്ററാണ്. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാനാവും.

രണ്ട് സര്‍വീസ് റോഡുകള്‍

ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആലുവ ഭാഗത്തുനിന്നും മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സര്‍വീസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍ നിന്നും ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സര്‍വീസ് റോഡ്.

വാഹനങ്ങള്‍ക്കായി സ്ളിപ്പ് റോഡും

പൊന്നുരുന്നി ഭാഗത്ത് നിന്നും ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി സര്‍വീസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. മേല്‍പ്പാലത്തിന് താഴെ കടവന്ത്ര - തൃപ്പൂണിത്തുറ, ആലപ്പുഴ - തൃപ്പൂണിത്തുറ, ആലപ്പുഴ - ഹബ്ബ് എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

78.36 കോടിയുടെ പദ്ധതി

2017 ഡിസംബര്‍ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. അന്നേ ദിവസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 85.90 കോടി രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിക്കുകയും 78.36  കോടി രൂപയ്ക്ക് കരാര്‍ നല്‍കുകയും ചെയ്തു.