റോഡുകളുടെ വികസനത്തില്‍ കുതിപ്പുമായി പത്തനംതിട്ട ജില്ല

post

പത്തനംതിട്ട: ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റോഡുകളുടെ വികസനത്തില്‍ മികച്ച പ്രവര്‍ത്തനമാണ് പൊതുമരാമത്ത് വിഭാഗം നടത്തിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയതും നടക്കുന്നതുമായ റോഡ് വികസനപ്രവര്‍ത്തനങ്ങളിലൂടെ ..


തിരുവല്ല നിയോജകമണ്ഡലം

തിരുവല്ല നിയോജക മണ്ഡലത്തില്‍ 2016 - 2017 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കെ.കെ റോഡിന്റെയും എസ്.എം.വി. റോഡിന്റെയും അഭിവൃദ്ധിപ്പെടുത്തല്‍ 6.63 കോടി രൂപയ്ക്ക് പൂര്‍ത്തീകരിച്ചു. 2017 - 2018 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 33 കോടി 96 ലക്ഷം രൂപയ്ക്ക് നിരണം - തോട്ടടി റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍, കാവുംഭാഗം - മുത്തൂര്‍ - കുറ്റപ്പുഴ റോഡിന്റെ പുനരുദ്ധാരണം എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. കുമ്പനാട് - പുറമറ്റം - പുതുശേരി റോഡിന്റെ പുനരുദ്ധാരണം, നെടുങ്ങാടപ്പള്ളി - കവിയൂര്‍ - മല്ലപ്പള്ളി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മണ്ഡലത്തില്‍ പുരോഗമിക്കുന്നു. 2018 - 2019 ബഡ്ജറ്റ് വര്‍ക്കില്‍ എം.സി. റോഡ് 78 മൈല്‍ മുതല്‍ രണ്ടാം മൈല്‍ ടി.കെ റോഡ് വരെയും ബഥേല്‍പടി - ചുമത്ര റോഡും അഞ്ച് കോടി രൂപയ്ക്ക് ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ ചെയ്യുന്നതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 

2019 - 2020 ബഡ്ജറ്റില്‍ നെടുംകുന്നം - അട്ടക്കുളം - വരവോലി - പേക്കാവ് - കുമ്പയ്ക്കാപുഴ - വട്ടപ്പാറ - നെടുംകുന്നം - കാവനാല്‍ കടവ് റോഡിന്റെ ഫേസ് ഒന്ന് നെടുംകുന്നം - കാവനാല്‍ കടവ് റോഡ് നവീകരണത്തിനായി മൂന്നര കോടിയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി ഉടന്‍ സമര്‍പ്പിക്കും. 

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2016 - 17 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ 75 കോടി 40 ലക്ഷം രൂപയുടെ മൂന്ന് റോഡുകളായ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ്, മുത്തൂര്‍ - കുറ്റൂര്‍ - കിഴക്കന്‍ മുത്തൂര്‍ റോഡ്, ചങ്ങനാശേരി - കവിയൂര്‍ റോഡ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 

ശബരിമല ഫണ്ടില്‍ 2018 - 19 വര്‍ഷത്തില്‍ കാവുംഭാഗം - മുത്തൂര്‍ റോഡിന്റെ ബി.എം. ബി.സി നവീകരണം, തിരുവല്ല - മല്ലപ്പള്ളി റോഡിന്റെ ബിറ്റ് ചിപ്പിംഗ് കാര്‍പ്പെറ്റ് ചെയ്യല്‍ എന്നിവയുടെ നിര്‍മ്മാണം നാലുകോടി 50 ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കി. 

2020 - 21 ശബരിമല ഫണ്ടില്‍ കാവുംഭാഗം - തുകലശ്ശേരി റോഡ് നവീകരണത്തിന് സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. പ്രളയത്തില്‍ നാശം സംഭവിച്ച തിരുവല്ല  മല്ലപ്പള്ളി റോഡിന്റെ മൂന്നാം സെക്ഷന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ മൂന്നര കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കുകയും ചക്രശാലക്കടവ് - കല്ലുങ്കല്‍ - കദളിമംഗലം റോഡിന്റെ പള്ളിവേട്ട ആല് മുതല്‍ റിവര്‍ സൗത്ത് റോഡുവരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.


ആറന്മുള നിയോജക മണ്ഡലം

2016 - 17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 13 കോടി 87 ലക്ഷം രൂപയുടെ മൂന്ന് റോഡുകള്‍ ആറന്മുള മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി. 2017 - 2018 ബഡ്ജറ്റില്‍ ഉള്‍പെടുത്തി ഏഴര കോടി രൂപയ്ക്ക് നിര്‍മ്മാണം ആരംഭിച്ച രണ്ടു റോഡുകളില്‍ ഒമല്ലൂര്‍ - പരിയാരം റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും കുമ്പനാട് - ആറാട്ടുപുഴ റോഡിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. 

2018 - 2019 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടിയുടെ വെട്ടിപ്പുറം - മഹനിമല - നെല്ലിക്കാമല - നാരങ്ങാനം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 

2016 - 17 വര്‍ഷത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 23.46 കോടിയുടെ മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി റോഡ് നവീകരണം പൂര്‍ത്തിയായി. 24.33 കോടിയുടെ മഞ്ഞനിക്കര - ഇലവുംതിട്ട - കിടങ്ങന്നൂര്‍ - മുളക്കുഴ റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. 

2017 - 2018 വര്‍ഷത്തില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപയ്ക്ക് പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന ഓവര്‍ ബ്രിഡ്ജിന് ഭരണാനുമതിയായി. നബാര്‍ഡ് ഫണ്ടില്‍ 25 കോടി രൂപ ചിലവ് വരുന്ന രണ്ടു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ശബരിമല പ്രവര്‍ത്തികള്‍ക്കായി 2017-18ല്‍ അഞ്ചു കോടിയുടെ മാവേലിക്കര - കോഴഞ്ചേരി റോഡും 2018-19ല്‍ കൈപ്പട്ടൂര്‍ - പത്തനംതിട്ട റോഡിന്റെ നവീകരണവും പൂര്‍ത്തിയായി. 2019-20 ല്‍ 6.95 കോടി രൂപയുടെ രണ്ടു റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 2020-21 ശബരിമല പ്രവര്‍ത്തി ഫണ്ടില്‍ നാലു റോഡുകളുടെ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളപ്പൊക്കത്തില്‍ നശിച്ച കുലശേഖരപതി  മൈലപ്ര റോഡ് പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും അഞ്ചു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. 30 കോടി രൂപയാണ് ആറന്മുള മണ്ഡലത്തില്‍ വെള്ളപ്പൊക്ക കെടുതികള്‍ക്കായി അനുവദിച്ചിട്ടുള്ളത്.


അടൂര്‍ നിയോജകമണ്ഡലം

അടൂര്‍ നിയോജകമണ്ഡലത്തില്‍ 2016-17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 6.65 കോടി രൂപയുടെ നാലു റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാക്കി. 2017-18 ല്‍ എട്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഇതില്‍ ഒന്നര കോടി രൂപ വീതം ചിലവ് വരുന്ന പട്ടംതറ - ഒറ്റത്തേക്ക് റോഡിന്റെ പുനരുദ്ധാരണവും തടത്തില്‍ - മണക്കാല റോഡിന്റെ പുനരുദ്ധാരണവും പൂര്‍ത്തിയാക്കി. 

2018-2019 ബഡ്ജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയുടെ പറക്കോട് - കൊടുമണ്‍ റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുകയാണ്. 2016-2017 കിഫ്ബി ഫണ്ടില്‍ പന്തളം ബൈപാസ്, അടൂര്‍ ടൗണ്‍ ബ്രിഡ്ജ് നിര്‍മ്മാണം എന്നിവ ഉള്‍പ്പടെ 14.90 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

2017-18 ശബരിമല പ്രവര്‍ത്തികളില്‍ ഒന്നര കോടിയുടെ എം.സി. റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയായി. 2018-19 ലെ ശബരിമല പ്രവൃത്തികളില്‍ 17.15 കോടിയുടെ നാലു റോഡുകളുടെ ബി.സി ഓവര്‍ലേ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 2019-20 ശബരിമല പ്രവര്‍ത്തിയില്‍ ഏഴ് കോടി രൂപയുടെ രണ്ടു റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2020-21 ശബരിമല പ്രവര്‍ത്തികളില്‍ മൂന്നു റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി നല്‍കി. 2018-2019 വെള്ളപൊക്ക കെടുതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറക്കോട് - ഐവര്‍കാല റോഡില്‍ മൂന്നു കോടി രൂപയുടെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുമുണ്ട്.


കോന്നി നിയോജക മണ്ഡലം

കോന്നി നിയോജക മണ്ഡലത്തില്‍ 2016-17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപയുടെ കോന്നി മെഡിക്കല്‍ കോളേജ് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാറായി. ആറു കോടി രൂപയുടെ കുമ്പഴ  മല്ലശ്ശേരി - പ്രമാടം - കോന്നി വഴി ളാക്കൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 2017-18 ബഡ്ജറ്റില്‍ എട്ട് കോടി രൂപയുടെ രണ്ടു റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 

2018-19 ബഡ്ജറ്റില്‍ ഉള്‍പെടുത്തിയ രണ്ടു കോടി രൂപയുടെ കല്ലേലി - ഊട്ടുപാറ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ശബരിമല ഫണ്ടില്‍ 14.25 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ ഒരു റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും മറ്റു രണ്ടു റോഡുകളുടെ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയും ആണ്. 2020-21 ശബരിമല പ്രവര്‍ത്തന ഫണ്ടില്‍ 9.27 കോടി രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണു ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. 2018 - 2019 വെള്ളപ്പൊക്കകെടുതിയില്‍ മൂന്നു കോടി രൂപയുടെ കുരിശുമൂട് - കോട്ടയം റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 

2016-2017 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39.57 കോടി രൂപയില്‍ അട്ടച്ചാക്കല്‍  കുമ്പളാംപൊയ്ക റോഡിന്റെയും കലഞ്ഞൂര്‍ പാടം റോഡിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.


റാന്നി നിയോജകമണ്ഡലം

റാന്നി നിയോജകമണ്ഡലത്തില്‍ 39.33 കോടി രൂപയില്‍ അഞ്ച് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് 2016-17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയത്. 2017-18 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ മനോരമമുക്ക്  ചെങ്ങറമുക്ക് റോഡ് പണികള്‍ പൂര്‍ത്തീകരിക്കുകയും 7.50 കോടി രൂപയുടെ അത്തിക്കയം - വെച്ചൂച്ചിറ - ചേത്തക്കല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിക്കള്‍ പുരോഗമിക്കുകയും ചെയ്യുന്നു. 

2018-2019 ബഡ്ജറ്റില്‍ 10 കോടി രൂപയുടെ റാന്നി ഐത്തല കുട്ടത്തോട് - നരിക്കുഴി റോഡിന്റെ നിര്‍മ്മാണങ്ങള്‍ക്കു ഭരണനാനുമതി സമര്‍പ്പിക്കുകയും ചെയ്തു. കിഫ്ബി പദ്ധതിയില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 98.67 കോടി രൂപയില്‍ പുനരുദ്ധാരണം നടത്തുന്ന മൂന്നു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 

2017-18 വര്‍ഷത്തില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 65 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന തെള്ളിയൂര്‍ - വലിയകാവ് റോഡ്, കുമ്പളത്താനം  മണിയാര്‍ റോഡ് എന്നിവയുടെ ഡി.പി.ആര്‍ തയ്യാറാക്കുകയുമാണ്. 29.73 കോടി രൂപയില്‍ നമ്പാര്‍ഡ് ഫണ്ടില്‍ നിര്‍മ്മിക്കുന്ന മൂന്ന് റോഡുകളില്‍ ഒരു റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും രണ്ടു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. 

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ശബരിമല പ്രവര്‍ത്തന ഫണ്ടില്‍ 11.81 കോടി രൂപയുടെ മൂന്നു റോഡുകള്‍ നിര്‍മ്മാണമാണ് ആരംഭിച്ചത്. ഇതില്‍ രണ്ടു റോഡുകള്‍ പൂര്‍ത്തിയാകുകയും ചെയ്തു. 2019-20 ല്‍ ശബരിമല പ്രവര്‍ത്തന ഫണ്ടില്‍ 25.69 കോടി രൂപയില്‍ പുനരുദ്ധാരണം നടത്തുന്ന മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര - പൂവത്തുമൂട് - പ്ലാപ്പള്ളി - ചാലക്കയം റോഡ് ഉള്‍പ്പെടുന്ന നാലു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2020-21 ശബരിമല ഫണ്ടില്‍ നാലു റോഡുകളുടെ പുനരുദ്ധാരണം നടത്തും. 2018-2019 വെള്ളപ്പൊക്ക കെടുതിയില്‍ നശിച്ച എട്ട് റോഡുകളാണ് റാന്നി നിയോജകമണ്ഡലത്തില്‍ 30 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്നത്. ഇവയില്‍ മടത്തുമുഴി - പൂവത്തുമൂട് റോഡ്, അത്തിക്കയം - മടന്തമണ്‍ റോഡ്, വെച്ചൂച്ചിറ മണിപ്പുഴ റോഡ് എന്നിവയുടെ ബിഎം. ആന്‍ഡ് ബി.സി. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി.