മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ തിങ്കളാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

post

ഇടുക്കി : അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ തിങ്കളാഴ്ച്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ.മാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റ്യന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. മുട്ടം പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് 8490000 (എണ്‍പത്തി നാല് ലക്ഷത്തി തൊണ്ണൂറായിരം) രൂപായും കുളമാവ് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് 10200000 (ഒരു കോടി രണ്ട് ലക്ഷം) രൂപായും ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മുട്ടം പോലീസ് സ്റ്റേഷന്‍

മുട്ടത്ത് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള പഴയ  കെട്ടിടം നിലനിര്‍ത്തി ഇതിന്റെ പിന്‍വശത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നുള്ള 8490000 ലക്ഷം രൂപ മുടക്കിയാണ് 3500 സ്‌ക്വയര്‍ ഫീറ്റിലുള്ള ഇരുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 

കാഞ്ഞാര്‍ ഐ.പി. സ്റ്റേഷന് കീഴില്‍ ഔട്ട് പോസ്റ്റായി പ്രവര്‍ത്തിച്ച് വരവേ 2016 ലാണ് മുട്ടത്തെ പോലീസ് സ്റ്റേഷനായി ഉയര്‍ത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ 40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടുത്തെ പഴയ കെട്ടിടത്തിലെ സ്ഥല പരിമിതി ജീവനക്കാര്‍ക്കും  വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 

2019 ജനുവരിയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മുട്ടം പോലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുള്ള 68 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം യാഥാര്‍ഥ്യമാക്കിയത്. ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ അനുസരിച്ച് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള (സില്‍ക്) ക്കായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല. സില്‍ക്ക് ഉപകരാര്‍ നല്‍കിയ എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

പുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് ഓഫീസ്, ക്രൈം- ലോ ആന്‍ഡ് ഓര്‍ഡര്‍ വിങ്,  ജീവനക്കാര്‍ക്ക്  വിശ്രമിക്കാനുള്ള റൂം, ആംസ് റൂം, ഉദ്യോഗസ്ഥര്‍ക്കുള്ള ഔദ്യോഗിക റൂം, വിശ്രമസ്ഥലം, റെക്കോഡ് ഫയല്‍ റൂം, പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേക ലോക്കപ്പുകള്‍, തൊണ്ടി മുതല്‍ സൂക്ഷിക്കാനുള്ള റൂം, കണ്‍ട്രോള്‍ റൂം, ജീവനക്കാര്‍ക്ക് പാചക മുറി, എട്ടോളം ശുചിമുറികളും എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.

കുളമാവ് പോലീസ് സ്റ്റേഷന്‍

ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നുള്ള ഒരു കോടി രണ്ട് ലക്ഷം രൂപ മുടക്കിയാണ് 3811 സ്‌ക്വയര്‍ ഫീറ്റിലുള്ള ഇരുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ അനുസരിച്ച് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള (സില്‍ക്) ക്കായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല. സില്‍ക്ക് ഉപകരാര്‍ നല്‍കിയ എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 2019 ജനുവരിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇടുക്കി സ്റ്റേഷന് കീഴില്‍ ഔട്ട് പോസ്റ്റായി പ്രവര്‍ത്തിച്ച് വരവെ 1971 ലാണ് കുളമാവ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തിയത്. 2018ലെ പ്രകൃതി ദുരന്തത്തിനിടെ മണ്ണിടിച്ചിലില്‍ കുളമാവ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നു. ഇതേ തുടര്‍ന്ന് സമീപത്തെ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി താല്‍ക്കാലികമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ ക ജീവനക്കാരാണ് കുളമാവ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നത്. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ സ്ഥല പരിമിതി ജീവനക്കാര്‍ക്കും  വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയോരത്ത് വടക്കേപ്പുഴ ചെക്ക് ഡാമിന് സമീപം കുളമാവ് പോലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുള്ള 2 ഏക്കര്‍ 35 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് ഓഫീസ്, ക്രൈം- ലോ ആന്‍ഡ് ഓര്‍ഡര്‍ വിങ്,  ജീവനക്കാര്‍ക്ക്  വിശ്രമിക്കാനുള്ള റൂം, ആംസ് റൂം, ഉദ്യോഗസ്ഥര്‍ക്കുള്ള ഔദ്യോഗിക റൂം, വിശ്രമസ്ഥലം, റെക്കോഡ് ഫയല്‍ റൂം, പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേക ലോക്കപ്പുകള്‍, തൊണ്ടി മുതല്‍ സൂക്ഷിക്കാനുള്ള റൂം, കണ്‍ട്രോള്‍ റൂം, ജീവനക്കാര്‍ക്ക് പാചക മുറി, എട്ടോളം ശുചിമുറികളും എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.