ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

ഇടുക്കി: ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയായി. അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയായി.

മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങ്  ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 19 ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള പീരുമേട് ടൂറിസം സര്‍ക്യൂട്ടിന് ഭരണാനുമതി ലഭ്യമായതായും ഇതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും എം.എല്‍.എ. അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ഡി.റ്റി.പി.സി. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ഗിരീഷ്.പി.എസ്.സ്വാഗതം പറഞ്ഞു. കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍ സംസാരിച്ചു.

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാര വകുപ്പ് 98 ലക്ഷം രൂപ ചിലവഴിച്ച് വാഗമണ്‍ - ഏലപ്പാറ റൂട്ടില്‍ വേസൈഡ് അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  കോട്ടയം - കട്ടപ്പന റോഡിലെ ഏലപ്പാറ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് വേസൈഡ് അമിനിറ്റി സെന്ററിലേക്കുള്ളത്. ഏലപ്പാറ പഞ്ചായത്ത് ടൂറിസം വകുപ്പിന് വിട്ട് നല്‍കിയ 15 സെന്റ് സ്ഥലത്താണ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് സെന്റര്‍ പണിതത്. ഡി.റ്റി.പി.സി.യാണ് നിര്‍വഹണ ഏജന്‍സി. വാപ്കോസിനായിരുന്നു നിര്‍മ്മാണ ചുമതല. നടത്തിപ്പിനായി ടെണ്ടര്‍ നടപടികളിലൂടെ പാട്ടത്തിന് നല്‍കുന്നതിനാണ് തീരുമാനം. ആധുനിക രീതിയില്‍ നിര്‍മ്മിച്ച സെന്ററില്‍ വിശ്രമ സംവിധാനം, കോഫീ ഷോപ്പ്, പാര്‍ക്കിംഗ് സൗകര്യം, ടോയ്‌ലെറ്റ് സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ദൃശ്യഭംഗിയും ദൂരക്കാഴ്ച്ചയുമുള്ള തേയില തോട്ടങ്ങളുടെ നടുവില്‍ നിര്‍മ്മിച്ച വേസൈഡ് അമിനിറ്റി സെന്ററില്‍ വിശ്രമിച്ച് കൊണ്ട് സമീപത്തുള്ള അണ്ണന്‍ തമ്പി മലനിരകളുടെ കാഴ്ച്ച ആസ്വദിക്കാനാവും. ചുറ്റും കാഴ്ച്ച ലഭിക്കുന്ന സ്ഥലമാണ് അണ്ണന്‍ തമ്പിമല. സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന അണ്ണന്‍ തമ്പിമലയില്‍ നിന്നുള്ള കാഴ്ച്ചകള്‍ വിസ്മയിപ്പിക്കുന്നതാണ്.

ഇതിന് പുറമേ വേസൈഡ് അമിനിറ്റി സെന്ററില്‍ നിന്നും വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, മൊട്ടക്കുന്ന്, പൈന്‍വാലി, പാഞ്ചാലിമേട്, പരുന്തുംപാറ, മൂണ്‍മല, അഞ്ചുരുളി എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താം. ഇവിടെ നിന്നും തേക്കടി 75 കി.മീ, മൂന്നാര്‍ 70 കി.മീ., മലങ്കര ജലാശയം 60 കി.മീ. യാത്രയില്‍ എത്താനാവും. പ്രാദേശികമായി വരുമാന വര്‍ദ്ധന ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശിയര്‍ക്ക് തൊഴിലവസരവും ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.