കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കൊടുമണ്‍ സ്റ്റേഡിയം തയ്യാറായി

post

പത്തനംതിട്ട: ജില്ലയിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന കൊടുമണ്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു.  20 വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. 14.10 കോടി രൂപ കിഫ്ബിയില്‍ നിന്നു വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി തുക ഉപയോഗിച്ച് നിര്‍മിച്ച ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമാണ് കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയം. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഭൂമി ഏറ്റെടുക്കല്‍ നടപടിയിലൂടെ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത അഞ്ചര ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്റ്റേഡിയത്തിന്റെ പകുതിയിലേറെ സ്ഥലവും പണി പൂര്‍ത്തിയാകാതെ കിടന്നിരുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തില്‍ കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ച് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പല ഘട്ടങ്ങളിലായി തുക 14.10 കോടി രൂപയായി ഉയര്‍ത്തി.

കുട്ടികള്‍ക്കുള്ള കായിക പരിശീലനം

കഴിഞ്ഞ മൂന്നു വര്‍ഷമായി സ്റ്റേഡിയം കേന്ദ്രീകരിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് കായിക പരിശീലനം നടത്തുന്നുണ്ട്. നല്ല പരിശീലകരെ ഉള്‍പ്പെടെ കണ്ടെത്തി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായവും പഞ്ചായത്തിന്റെ സഹായവും ലഭ്യമാക്കിയാണു പരിശീലനം നടത്തിവരുന്നത്. പരിശീലനം നല്‍കുന്നതിനുവേണ്ടി ഒരു സ്‌പോര്‍ട്‌സ് & ഗെയിംസ് അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്. വിവിധ പരിശീലന പരിപാടികളില്‍ 250 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പരിശീലനം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. സ്റ്റേഡിയത്തിന് ചുറ്റുമായി ഏകദേശം 12 ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍

*ഫുട്‌ബോള്‍ ഗ്രൗണ്ട്

*ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്

*വോളിബോള്‍ കോര്‍ട്ട്

 *രണ്ട് ഷട്ടില്‍ കോര്‍ട്ടുകള്‍

 *400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്

 *ത്രോ, ജമ്പ് ഇനങ്ങള്‍ക്കുള്ള സൗകര്യം

 *കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍

 *അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്

 *പാര്‍ക്കിംഗ് സൗകര്യം

 *പൊതുആവശ്യത്തിനുള്ള ടോയ്‌ലറ്റുകള്‍

 *ചുറ്റുമതില്‍

 *ഫ്‌ളഡ്‌ലൈറ്റ് സംവിധാനം

 *മഴപെയ്താല്‍ വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനം

 *ആധുനിക ജിം

* ഗാലറി

കൊടുമണ്ണിലെ ആധുനിക സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ കായിക മേഖലയില്‍ വന്‍ മുന്നേറ്റത്തിന് തുടക്കമാകും. നിര്‍മാണം അവസാന ഘട്ടത്തില്‍ ആയ സ്റ്റേഡിയം ഡിസംബറില്‍ തുറന്നു കൊടുക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമായ ജില്ലയിലെ ആദ്യ സ്റ്റേഡിയമാണിത്.