കെ.എം.ആര്‍.എല്‍ പദ്ധതികളുടെ അവലോകന യോഗം നടത്തി

post

എറണാകുളം: കൊച്ചി മെട്രോ റയില്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. മെട്രോ സര്‍വീസ് കാക്കനാട്ടേക്ക് ദീര്‍ഘിപ്പിക്കുന്നതിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി യോഗത്തില്‍ അറിയിച്ചു. എസ്.എന്‍.ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെ റോഡ് വീതി കൂട്ടുന്നതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ റവന്യൂ വകുപ്പ് ഭരണാനുമതിയും പൂര്‍ത്തിയായി. പരിസ്ഥിതി ആഘാത പഠനത്തിന്റെ നടപടികളാണ് തുടര്‍ന്നുള്ളത്. സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ ഇടപ്പള്ളി സൗത്ത്, കാക്കനാട് വില്ലേജുകളിലെ സ്ഥലം ഏറ്റെടുക്കുന്നതിനായി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കാക്കനാട് വില്ലേജില്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ കൂട്ടായ പരിശോധനകള്‍ക്കു ശേഷം തീരുമാനിക്കുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു.

വാട്ടര്‍ മെട്രോ പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. 22 ബോട്ട് ജെട്ടികള്‍ക്കുള്ള ഭൂമിയാണ് ഏറ്റെടുത്ത് നല്‍കേണ്ടത്. 14 എണ്ണത്തിന്റെ പ്രാഥമിക വിജ്ഞാപനം അംഗീകരിച്ചു. ഭൂമിയുടെ സര്‍വേ നടപടികളും വിലയിടല്‍ നടപടികളും പുരോഗമിക്കുന്നു. ബോള്‍ഗാട്ടി ജെട്ടി നിര്‍മ്മാണത്തിന് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതിനാല്‍ ഭൂമിയുടെ വില തീരുമാനിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ.എം.ആര്‍.എല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.