റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ ഇടപെടണം: മന്ത്രി ജി.സുധാകരന്‍

post

പത്തനംതിട്ട : നിര്‍മാണം പൂര്‍ത്തിയായ റോഡുകള്‍ വീണ്ടും കുത്തിപ്പൊളിക്കുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ . ഇട്ടിയപ്പാറ കിടങ്ങാമ്മൂഴി റോഡ് നിര്‍മാണ ഉദ്ഘാടനം ഐത്തല ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മിക്കുന്ന റോഡുകള്‍ പരിരക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്, പി.ഡബ്യൂ.ഡി മാനുവല്‍ ഉള്‍പ്പെടെയുള്ളവ കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 40,000 കിലോമീറ്റര്‍ റോഡിന്റെ 98 ശതമാനം അറ്റകുറ്റപണികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മഹാപ്രളയം നടന്ന 2018ല്‍ 11,000 കോടി രൂപയുടെ റോഡ് നശിച്ചെന്നാണ് കണക്ക്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ മണ്ഡലങ്ങളില്‍ ഒന്നാണ് റാന്നി. ഈ സാഹചര്യം കണക്കിലെടുത്ത് റാന്നി മണ്ഡലത്തിന് 30 കോടി രൂപ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് നല്‍കിയിരുന്നു.  റാന്നി, കുട്ടനാട്, ചാലക്കുടി മണ്ഡലങ്ങള്‍ക്കാണ് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് 30 കോടി രൂപ വീതം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 
രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പള്ളില്‍, ജില്ലാ പഞ്ചായത്തംഗം സൂസന്‍ അലക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗം ലതാ സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.ജെ. തോമസ്‌കുട്ടി, ബി.സന്ധ്യകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ലിജോ സാം, ശശി പുതിയത്ത്, സമദ് മേപ്രത്ത്, അലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ഫിലിപ്പ് കുരുടാമണ്ണില്‍, കെ.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, സജി ഇടിക്കുള, സാംകുട്ടി പാലയ്ക്കാമണ്ണില്‍, ബെഹനാന്‍ ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.