തോട്ടം മേഖലയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

post

ഇടുക്കി : സംസ്ഥാനത്തെ തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും താത്പര്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിലും നൈപുണ്യവും വികസന വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മൂന്നാറിലെ കുറ്റിയാര്‍വാലിയില്‍ ഫൊക്കാനയുടെ സഹായത്തോടെ ഭവനം ഫൗണ്ടേഷന്‍  നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ ദാനവും സമ്മേളനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തോട്ടം മേഖലയുടെ സമഗ്ര സംരക്ഷണത്തിനും തൊഴിലാളി ക്ഷേമത്തിനുമായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും അത് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനോട് അനുബന്ധിച്ചുള്ള ശില്പശാല ജനുവരി 21 ന് കൊച്ചിയില്‍ നടക്കും.  ദേവികുളം പഞ്ചായത്ത് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരേഷ് അധ്യക്ഷനായിരുന്നു. തോട്ടം മേഖലയ്ക്കായി കരട്  നയം തന്നെ തയാറായിക്കഴിഞ്ഞു. ഇതില്‍ തോട്ടം മേഖലയിലെ പ്രശ്‌നങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഡയറക്ടറേറ്റിന്റെ രൂപീകരണവും വ്യവസ്ഥയായിട്ടുണ്ട്. തോട്ടമുടകള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാവരെയും സഹകരിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലാളികളുടെ ആവശ്യത്തോട് അനുകൂലമായ  നിലപാടാണ് ഈ സര്‍ക്കാരിനുള്ളത്.
തോട്ടം തൊഴിലാളികളില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് ഭവന നിര്‍മാണത്തിനുള്ള ആദ്യഘട്ട നിര്‍മാണം ആരംഭിച്ചത് . ആദ്യ ഘട്ടത്തില്‍ പത്തു വീടുകളാണ് നിര്‍മിക്കുന്നത്. അതില്‍ അഞ്ചു വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇതിന്റെ മുകളില്‍ തുടര്‍ പണി നടത്താവുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം. ആദ്യ വീടിന്റെ താക്കോല്‍  ചെല്ലദുരെക്കും കുടുംബത്തിനും മന്ത്രി നല്‍കി. ഫൊക്കാനയുടെ സഹകരണത്തോടെ ജില്ലയില്‍  100 വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്.  400 ചതുരശ്രയടി വീടിന് 4.83 ലക്ഷം രൂപയാണ് സഹായം. ഇതില്‍ 75000 രൂപ അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാന നല്‍കും. ബാക്കി 13000 രുപ ഗുണഭോക്തൃവിഹിതവും'. ലൈഫ് മിഷന്റെ മുന്നു ഘട്ടങ്ങളില്‍പ്പെടുത്തിയാണ് ഇവര്‍ക്കും വീടുകള്‍ നിര്‍മിക്കുന്നത്. ഭുപരിഷ്‌കരണം ഉള്‍പ്പെടെ കേരളം ഒന്നാം നിര നേട്ടങ്ങള്‍ മിക്കതും കൈവരിച്ചുവെങ്കിലും ഇനിയും ഭവനരഹിതര്‍ ഉണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ലൈഫ്മിഷന്‍ ആവിഷ്‌കരിച്ചത്. രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും. തോട്ടങ്ങളില്‍ നിന്നു വിരമിച്ച തൊഴിലാളികള്‍ ലയത്തില്‍ തുടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. തോട്ടം തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ അവരെ കൂടി  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.  കേന്ദ്രനയങ്ങളുടെ പശ്ചാത്തലത്തില്‍ തോട്ടം മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. മേഖലയുടെ സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.പ്രതിസന്ധി പരിഹരിക്കാന്‍ ഉടമകളും തൊഴിലാളികളും സംയുക്തമായി നടപടികള്‍ സ്വീകരിക്കണം. തൊഴിലാളികള്‍ക്കു വീട് വയ്ക്കാനുള്ള സ്ഥലം തോട്ടമുടകള്‍ കണ്ടെത്തണം. ഇടുക്കിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരുടെയും സഹകരണത്തിന്റെ പാതയില്‍ പരിഹാരം കണ്ടെത്തും. പ്രതികൂല സാഹചര്യത്തില്‍ നാലു ലക്ഷം രൂപയുടെ വീട് തീര്‍ക്കാന്‍ കഴിയില്ലെന്ന ഹാബിറ്റാറ്റ് ടെക്‌നോളജി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൂടുതല്‍ സഹായത്തിന് ശ്രമിച്ചതും ഫൊക്കാന മുന്നോട്ടുവന്നതും. ഇക്കാര്യത്തില്‍ ഫൊക്കാന യെ മന്ത്രി അഭിനന്ദിച്ചു. യോഗത്തിന് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ഭവനം പദ്ധതി കോ ഓര്‍ഡിനേറ്റര്‍ സജിമോന്‍ ആന്റണി തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ ശ്രീലാല്‍ , മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സിഎ കുര്യന്‍, മുന്‍ എം. എല്‍. എമാരായ  കെ. കെ ജയചന്ദ്രന്‍, എ. കെ മണി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്, ജനപ്രതിനിധികള്‍, വിവിധ രാഷ്രീയ സാമൂഹ്യ നേതാക്കള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.