ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 8.5 കോടിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുമെന്നും, സബ് സെന്ററുകള്‍ ആധുനികവത്കരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി.

      അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.5 കോടി രൂപ  മുടക്കിയാണ് പുതിയ മൂന്നു നില സമുച്ചയം നിര്‍മിച്ചത്. ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളും, ഓപ്പറേഷന്‍ തീയേറ്ററും, 40 കിടക്കകളും, അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ കെട്ടിടം.

        ഡിജിറ്റല്‍ എക്സ്-റേ, പൂര്‍ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന അനലൈസര്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി, ജനറേറ്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല്‍പത് കിടക്കകളോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ചികിത്സാ കേന്ദ്രമായി ഇതോടെ ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മാറി. ജില്ലയിലെ സിഎച്ച്സികളില്‍ വച്ച് ഏറ്റവും സൗകര്യമുള്ള സ്ഥാപനമാണിത്.

       നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാനുള്ള നിര്‍മാണം നടന്നു വരികയാണെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിക്ക് 10 കോടി രൂപയുടെ വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മഡിക്കല്‍ കോളജ് രണ്ടാം ഘട്ടത്തിന് 241 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു. ആരോഗ്യമേഖലയില്‍ കോന്നി വലിയ വികസനമാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

          ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിലെ ഹാളിലാണ് ഉദ്ഘാടന യോഗം ചേര്‍ന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍.ബി. രാജീവ് കുമാര്‍, ബി.സതികുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍.ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജഗോപാലന്‍ നായര്‍, ടി.എന്‍ സോമ രാജന്‍, അജോമോന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജ്പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ വല്‍സലാകുമാരി, ദീപ, ഏനാദിമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.കെ.മോഹന്‍ കുമാര്‍, ഭാനു ദേവന്‍, സാം വാഴോട്, എം. കെ വാമന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.