കല്ലേലി എസ്റ്റേറ്റിലെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു

post

പത്തനംതിട്ട : കല്ലേലി നിവാസികളുടെ യാത്ര ദുരിതത്തിന് സാന്ത്വനമായി കല്ലേലി എസ്റ്റേറ്റിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കല്ലേലി എസ് സ്റ്റേറ്റിലെ വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന ഈസ്റ്റ് ഡിവിഷന്‍ - കല്ലേലി റോഡ് 35 ലക്ഷം രൂപ മുതല്‍ മുടക്കിയും കല്ലേലി തോട്ടം - മേസ്തിരി കാനറോഡ് 15 ലക്ഷം രൂപ മുതല്‍ മുടക്കിയും മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിക്കുന്നത്.  റോഡുകളുടെ ശോച്യാവസ്ഥയെ തുടര്‍ന്ന് തൊഴിലാളികള്‍ എംഎല്‍എ യ്ക്ക് നിവേദനം നല്‍കിയിരുന്നു. കൂടാതെ ഇതേ പദ്ധതിയിലുള്‍പ്പെടുത്തി കല്ലേലി കൊക്കാത്തോട് റോഡിന് 30 ലക്ഷം രൂപയുടെ ടാറിങ്ങും എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയ്ക്ക് കടിയാര്‍ റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തിയും തേയിലക്കട് വെസ്റ്റ് ഡിവിഷന്‍ റോഡിനു 10 ലക്ഷം രൂപയുടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തിയും ഈസ്റ്റ് ഡിവിഷന്‍ കല്ലേലി റോഡിനു 4.90 ലക്ഷം രൂപ എന്‍സിആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കും തുക അനുവദിച്ചിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു. 

ഇതോടെ കല്ലേലി മേഖലയില്‍ റോഡ് വികസനം പൂര്‍ണമാകുകയാണ്.  റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ പറഞ്ഞു. 

പഞ്ചായത്തംഗം പി.സിന്ധു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജയ അനില്‍, സി പി ഐ എം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി വര്‍ഗീസ് ബേബി, കല്ലേലി ലോക്കല്‍ സെക്രട്ടറി ആര്‍.അജയകുമാര്‍, ലോക്കല്‍ കമ്മിറ്റിയംഗം ശിവദാസ്, സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം ചന്ദ്രന്‍, എസ്റ്റേറ്റ് മാനേജര്‍ പി.എം മാത്യു, പഞ്ചായത്ത് അസി. എന്‍ജിനീയര്‍ പി.ആര്‍ അനോജ് കുമാര്‍,  റജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.